
പി.കെ നവാസ് മുതൽ ഫാത്തിമ തഹ്‌ലിയ വരെ; ലീഗ് സ്ഥാനാർഥികളായി യുവനേതാക്കൾക്ക് സാധ്യത
|തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാർഥികളായ യുവനേതാക്കള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസുള്‍പ്പെടെ ഒരുപിടി യുവനേതാക്കള്‍ മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കും. ലീഗ് ദേശീയ അസി. സെക്രട്ടറി ഫൈസല്‍ ബാബു, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി അഷ്റഫലി, ഓർഗനൈസിങ് സെക്രട്ടറി ഷിബു മീരാന്‍ തുടങ്ങിയവരാണ് പുതുമുഖ സ്ഥാനാർഥികളായി വരാന്‍ സാധ്യതയുള്ളത്. ഫാത്തിമ തഹ്‌ലിയയെ പോലുള്ള വനിതാ നേതാക്കളുടെ പേരും ചർച്ചകളിലുണ്ട്. സിറ്റിങ് എംഎൽഎമാരിൽ ആരെയൊക്കെ മാറ്റിനിർത്തും എന്നതിനുസരിച്ചായിരിക്കും യുവതാരങ്ങളുടെ സാധ്യത.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാർഥികളായ യുവനേതാക്കള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിലും യുവനേതാക്കള്‍ക്ക് അവസരം നൽകുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ പേരാണ് ലീഗിലെ പുതുമുഖ സ്ഥാനാർഥികളുടെ ചർച്ചയില്‍ മുന്നിലുള്ളത്. എംഎസ്എഫ് പ്രസിഡന്റുമാരെ സ്ഥാനാർഥിയാക്കൽ പതിവില്ലെങ്കിലും എംഎസ്എഫിലെ പ്രകടനവും മാധ്യമങ്ങളിലും പൊതുവേദികളിലും പാർട്ടിയെ പ്രതിനിധീകരിക്കുന്നതിലെ മികവും പി.കെ നവാസിന് അനകൂല ഘടകങ്ങളാണ്.
മലപ്പുറത്തെ മുന്‍ ജില്ലാ പഞ്ചായത്തംഗം പി.വി മുഹമ്മദ് മനാഫിന്റെ പേരും ചർച്ചകളിലുണ്ട്. കോഴിക്കോട് കോർപറേഷനില്‍ ഏറ്റും കൂടിയ ഭൂരിപക്ഷത്തില്‍ വിജയിച്ച യൂത്ത് ലീഗ് നേതാക്കളായ ടി.പി.എം ജിഷാന്റെയും ഫാത്തിമ തഹ്‌ലിയയുടേയും സാധ്യതകളും കോഴിക്കോട്ടെ സീറ്റുകളില്‍ നേതാക്കള്‍ ചർച്ച ചെയ്യുന്നുണ്ട്. മലപ്പുറത്ത് കഴിഞ്ഞ തവണ പാർട്ടി തോറ്റ താനൂർ മാത്രമാണ് ഓപണ്‍ സീറ്റ്. സിറ്റിങ് സ്ഥാനാർഥികള്‍ മാറാന്‍ സാധ്യതയുള്ള മഞ്ചേരി, തിരൂരങ്ങാടി, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിലും യുവനേതാക്കള്‍ക്ക് ഇടം കിട്ടിയേക്കും.
മങ്കട, മണ്ണാർക്കാട്, ഏറനാട് മണ്ഡലങ്ങളിലും മാറ്റം വേണമെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും വിജയസാധ്യതയുള്‍പ്പെടെ പരിഗണിച്ചേ പുതിയ സ്ഥാനാർഥികളെ തീരുമാനിക്കൂ. കുന്ദമംഗലം, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, കൂത്തുപറമ്പ്, കളമശ്ശേരി തുടങ്ങിയ സീറ്റുകളും പുതുമുഖങ്ങള്‍ക്ക് ഇടം കിട്ടിയേക്കാവുന്ന മണ്ഡലങ്ങളാണ്. യുഡിഎഫ് സ്ഥാനാർഥി വിഭജന ചർച്ച പൂർത്തിയായ ശേഷമാകും സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് മുസ്‌ലിം ലീഗ് കടക്കുക.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും കൂടുതല്‍ ലീഗ് എംഎൽഎമാർ ജയിക്കുന്ന തെരഞ്ഞെടുപ്പാകും ഇതെന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. അത്തരമൊരുത്ത ചരിത്രത്തിലേക്ക് നടന്നുകയറാന്‍ യുവനേതാക്കളുടെ കരുത്ത് തുണയാകുമെന്നും ലീഗ് കരുതുന്നു.