
ത്രികോണ ഇടനാഴി മുതൽ ഐടി പാർക്കുകൾ വരെ; ബജറ്റിൽ കോളടിച്ചത് കൊല്ലത്തിന്
|ഭക്ഷ്യ പാര്‍ക്കിനായി അഞ്ച് കോടിയും ശാസ്‌താംകോട്ടയെ വിനോദസഞ്ചാര കേന്ദ്രമാക്കാൻ ഒരു കോടിയും നീക്കി വച്ചു
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇക്കുറി കോളടിച്ചത് കൊല്ലം ജില്ലയ്ക്ക്. ഏറ്റവും സുപ്രധാന തീരുമാനമായ വിഴിഞ്ഞം - കൊല്ലം - പുനലൂർ ത്രികോണ ഇടനാഴി മുതൽ രണ്ട് ഐടി പാർക്കുകൾ വരെ ബജറ്റിൽ കൊല്ലം നിറഞ്ഞു നിന്നു. ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കിയാൽ അത് കൊല്ലം ജില്ലക്കുണ്ടാക്കുന്ന കുതിപ്പ് ചെറുതായിരിക്കില്ല.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഭൂമി വാങ്ങി കെട്ടിടം പണിയാൻ 30 കോടി ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. ഭക്ഷ്യ പാര്‍ക്കിനായി അഞ്ച് കോടിയും ശാസ്‌താംകോട്ടയെ വിനോദസഞ്ചാര കേന്ദ്രമാക്കാൻ ഒരു കോടിയും നീക്കി വച്ചു. ഹിസ്റ്ററി മാരിടൈം മ്യൂസിയത്തിനും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനും അഞ്ചു കോടി വീതം ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ തീരദേശ ഹൈവേ, സീപ്ലെയിന്‍ പദ്ധതി, എന്നിവയുടെ പ്രയോജനങ്ങളും കൊല്ലത്തിന് ലഭിക്കും. കശുവണ്ടി, കയര്‍മേഖലയ്ക്കുള്ള പദ്ധതികളും ഗുണം ചെയ്യുക കൊല്ലം ജില്ലയ്ക്ക് തന്നെയായിരിക്കും. വിഴിഞ്ഞം - കൊല്ലം - പുനലൂർ വ്യാവസായിക ഇടനാഴിയുടെ പ്രഖ്യാപനം സംസ്ഥാനത്തെ ഗതാഗത ഇടനാഴികൾ ശക്തമാക്കാൻ ഉപകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.