
തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തല്‍: 'എനിക്കെതിരെ കേസെടുത്ത പൊലീസാണ് പുലിവാൽ പിടിച്ചത്'; ജി.സുധാകരൻ
|'തിടുക്കത്തിൽ കേസെടുത്തത് എന്തിനാണെന്ന് ജില്ലാപൊലീസ് മേധാവിയോട് ചോദിക്കണം'
ആലപ്പുഴ: തപാൽ വോട്ട് പൊട്ടിച്ച് തിരുത്തി എന്ന പരാമർശത്തിൽതനിക്കെതിരെ കേസെടുത്ത പൊലീസാണ് പുലിവാൽ പിടിച്ചതെന്ന് ജി.സുധാകരൻ.നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചതെന്നും സുധാകരൻ പറഞ്ഞു.
എവിടെയാണ് അതിന് തെളിവുള്ളതെന്നും തിടുക്കത്തിൽ എന്തിനാണ് കേസെടുത്തു എന്ന് ജില്ലാ പൊലീസ് മേധാവിയോട് ചോദിക്കണമെന്നും സുധാകരന്‍ പറഞ്ഞു.കേസെടുത്തത് തെറ്റായെന്ന് ജസ്റ്റിസ് കമാൽ പാഷ വരെ പറഞ്ഞു .കേരളത്തിലെ അഭിഭാഷകലോകം മുഴുവൻ തനിക്കൊപ്പമുണ്ട്. ഒരു നേതാവും തന്നെ വിളിച്ചില്ലെന്നും താനും വിളിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
'കേസില്‍ താന്‍ മുൻകൂർജാമ്യം എടുക്കില്ല. ഒരു പാർട്ടി പ്രവർത്തകനെതിരെ മറ്റൊരു പാർട്ടിക്കാരൻ പോസ്റ്റിടുന്നത് സിപിഎമ്മിന്റെ രീതിയല്ല.ഏതു പ്രത്യയശാസ്ത്രമാണ് എച്ച് സലാമിന് ഉള്ളതെന്ന് പരിശോധിക്കണം'. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവൻ വെല്ലുവിളിച്ച ആൾക്കെതിരെ എന്ത് നിയമ നടപടിയാണ് സ്വീകരിച്ചതെന്നും മന്ത്രി സജി ചെറിയാനെതിരായ കേസിൽ പരോക്ഷ വിമർശനമുന്നയിച്ച് കൊണ്ട് ജി സുധാകരൻ ചോദിച്ചു.