
തൃശൂരിൽ വീണ്ടും കൊടകര മോഡൽ കുഴൽപ്പണ വേട്ടക്ക് ശ്രമം; ഗുണ്ടാ സംഘം അറസ്റ്റില്‍
|കൊലപാതകം, കവർച്ച, ബലാത്സംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 100ലധികം കേസുകളിലെ പ്രതികൾ ഒത്തു ചേർന്നത് ഹൈവേ കവര്‍ച്ച ലക്ഷ്യമിട്ടാണന്ന് റിമാൻഡ് റിപ്പോര്‍ട്ട്
തൃശൂര്‍: തൃശൂരിൽ ഗുണ്ടാ സംഘം അറസ്റ്റിലായ സംഭവത്തിൽ ആക്രമി സംഘം ശ്രമിച്ചത് കൊടകര മോഡൽ കുഴൽപ്പണ വേട്ടക്കെന്ന സംശയത്തിൽ പൊലീസ്. കൊടകര കുഴൽപ്പണ കേസിലെ പ്രതികൾ ഉൾപ്പെട്ട സംഘം സംഘടിച്ചത് ദേശീയപാതയിലെ കവർച്ചയ്ക്ക് ആണെന്നാണ് റിമാൻഡ് റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് തൃശൂർ ചേർപ്പ് പനംകുളത്തെ ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിൽ നിന്നും ഗുണ്ടാം സംഘം പിടിയിലാകുന്നത്. അഞ്ച് ദിവസത്തിലേറെ നിരീക്ഷണം നടത്തി നൂറിലധികം പൊലീസുകാരുമായി വീട് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാരാകയുധങ്ങളും ലഹരി വസ്തുക്കളും നിരവധി വാഹനങ്ങളുമടക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തതോടെ സംഘം ഒത്തു ചേർന്നതും ആസൂത്രണം നടത്തിയതും കൊടകര മോഡൽ കുഴൽപ്പണ വേട്ടക്കാണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
കൊലപാതകം, കവർച്ച, ബലാത്സംഗം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 100ലധികം കേസുകളിലെ പ്രതികൾ ഒത്തു ചേർന്നത് ഹൈവേ കവര്‍ച്ച ലക്ഷ്യമിട്ടാണന്ന് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നുണ്ട്. വാഹനങ്ങളിൽ നിന്നും കണ്ടെടുത്ത കുരുമുളക് - മുളക് പൊടികളും മാരകായുധങ്ങളും ഇത് സാധൂകരിക്കുന്ന തെളിവുകളാണെന്നും പൊലീസ് പറയുന്നു. 34 അംഗ ക്രിമിനൽ സംഘത്തെയും പുറത്ത് നിന്നൊരാൾ നിയന്ത്രിച്ചിരുന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇയാളെ കണ്ടെത്താനുള്ള നീക്കങ്ങളും പ്രത്യേക അന്വേഷണ സംഘം നടത്തി വരികയാണ്.
കൊടകര കുഴൽപ്പണ കേസിലെ പ്രതികളായ മാർട്ടിൻ എഡ്വിൻ , ഷാഹീൻ, പുതുക്കാട് ചാൾസ് ബെഞ്ചമിൻ കൊലക്കേസ് പ്രതി അനുരാജ് തുടങ്ങിയവരാണ് പ്രതികളിൽ പ്രധാനികൾ. ഇവരടക്കമുള്ള 34 അംഗ സംഘത്തിനെ വേഗത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതും ശാസ്ത്രീയ തെളിവ് ശേഖരണം നടത്തുന്നതുമാണ് ഇനി പൊലീസിന് മുന്നിലുള്ള ദൗത്യം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇരിങ്ങാലക്കുട ഡിവൈഎസ്പി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി, ഡാൻസാഫ് , ഷാഡോ പൊലീസ് അംഗങ്ങളെയും ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്.