< Back
Kerala
ജെൻഡർ ന്യൂട്രൽ യൂണിഫോം; സർക്കാരിന് എതിർപ്പില്ല, അനാവശ്യ വിവാദം വേണ്ടെന്ന് മന്ത്രി
Kerala

ജെൻഡർ ന്യൂട്രൽ യൂണിഫോം; സർക്കാരിന് എതിർപ്പില്ല, അനാവശ്യ വിവാദം വേണ്ടെന്ന് മന്ത്രി

Web Desk
|
15 Dec 2021 9:42 AM IST

ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി

കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അനാവശ്യമായി വിവാദം ഉണ്ടാകേണ്ടതില്ലെന്നും ലിംഗ വ്യത്യാസമില്ലാത്ത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംവിധാനം നടപ്പിലായതിനെചൊല്ലിയാണ് വിവാദം ഉയരുന്നത്. വസ്ത്രധാരണരീതി ഏകീകരിക്കുന്നതിനെതിരെ വിവിധ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിലുള്ള കോ ഓര്‍ഡിനേഷര്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.

ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും സംഘടനകള്‍ നിവേദനം നല്‍കുകയും ചെയ്തു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം നടപ്പാക്കുന്ന, സംസ്ഥാനത്തെ ആദ്യത്തെ ഹയർസെക്കന്‍ററി സ്കൂളാണ് ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്.

സര്‍ക്കാര്‍ ഉത്തരവില്ലാതെ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും കോര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, രക്ഷിതാക്കളുമായും വിദ്യാര്‍ഥികളുമായും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

Similar Posts