< Back
Kerala
ജി സുധാകരനെ ഉന്നമിട്ട് എം.എ ബേബി;പുതിയ തലമുറയെ വളർത്തിക്കൊണ്ടു വരാനാണ് സ്ഥാനങ്ങൾ ഒഴിഞ്ഞു കൊടുക്കുന്നത്
Kerala

ജി സുധാകരനെ ഉന്നമിട്ട് എം.എ ബേബി;'പുതിയ തലമുറയെ വളർത്തിക്കൊണ്ടു വരാനാണ് സ്ഥാനങ്ങൾ ഒഴിഞ്ഞു കൊടുക്കുന്നത് '

Web Desk
|
19 Oct 2025 6:41 PM IST

'ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനങ്ങളിൽ തുടരണം'

കൊച്ചി: സിപിഎമ്മിനെ നിരന്തരം പ്രതിരോധത്തിലാക്കുന്ന മുതിർന്ന നേതാവ് ജി.സുധാകരനെ ഉന്നമിട്ട് പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി. പ്രായപരിധിയിൽ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ പാർട്ടിയിൽ നിന്ന് പുറത്തു പോവുകയല്ല, നേതൃത്വത്തിൽ ഒഴിയുന്നു എന്നേയുള്ളു എന്ന് എം.എ ബേബി പറഞ്ഞു. 'പുതുതലമുറയെ വളർത്തിക്കൊണ്ടുവരാനാണ് സ്ഥാനങ്ങൾ ഒഴിഞ്ഞു കൊടുക്കുന്നത്. ഒഴിഞ്ഞവർ പാർട്ടി പ്രവർത്തനങ്ങളിൽ തുടരണം അതിന് ഏറ്റവും വലിയ ഉദാഹരണമാണ് എസ്. രാമചന്ദ്രപിള്ള' എന്നും അദ്ദേഹം പറഞ്ഞു.

ജി.സുധാകരനെ അനുനയിപ്പിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ നീക്കം പാളിയിരുന്നു. കുട്ടനാട്ടിൽ വച്ച് നടക്കുന്ന അച്യുതാനന്ദൻ പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചെങ്കിലും ജി.സുധാകരൻ പങ്കെടുക്കില്ല. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത, ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ വീട്ടിലെത്തി സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. ഏറെനാളുകൾക്ക് ശേഷമാണ് ജി. സുധാകരനെ പാർട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിച്ചത്.

പ്രായത്തിന്റെ പേരിൽ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ മുതൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതികരണവുമായി ജി.സുധാകരൻ രംഗത്തു വന്നിരുന്നു. തനിക്കെതിരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ആക്രമണത്തിന് പിന്നിൽ അമ്പലപ്പുഴയിൽ നിന്നുള്ള ഒരു ജനപ്രതിനിധിയാണെന്നും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതൃത്വത്തിലുള്ള ചിലർ തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അക്രമത്തിന് പിന്തുണ നൽകി എന്നും ജി.സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു.

ജി.സുധാകരൻ പാർട്ടിയോട് ചേർന്നു പോകണമെന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോടും ജി.സുധാകരൻ രൂക്ഷമായാണ് പ്രതികരിച്ചത്. 'പാർട്ടിയിലുള്ള എന്നോടാണ് പാർട്ടിയോടു ചേർന്നുപോകാൻ പറഞ്ഞത്. ഞാൻ പാർട്ടിയോടു ചേർന്നല്ല, പാർട്ടിക്കുള്ളിലൂടെയാണു പോകുന്നത്. കുറച്ചുകാലം മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിർത്തപ്പെട്ടയാളാണ് എന്നെ ഉപദേശിക്കുന്നത്. അതിനുള്ള അർഹതയോ പ്രായമോ പ്രത്യയശാസ്ത്രബോധമോ ഉണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിൽ ജനം അതു ശരിവെക്കില്ല'. എന്നായിരുന്നു സജി ചെറിയാൻ പറഞ്ഞതിനോടുള്ള ജി.സുധാകരന്റെ പ്രതികരണം.

Similar Posts