< Back
Kerala
കേരളത്തെ അപമാനിച്ച ജോർജ് കുര്യൻ മാപ്പ് പറയണം, സുരേഷ് ഗോപിക്കും ഈ നിലപാടാണോയെന്ന് വ്യക്തമാക്കണം; വി.ഡി സതീശന്‍
Kerala

'കേരളത്തെ അപമാനിച്ച ജോർജ് കുര്യൻ മാപ്പ് പറയണം, സുരേഷ് ഗോപിക്കും ഈ നിലപാടാണോയെന്ന് വ്യക്തമാക്കണം'; വി.ഡി സതീശന്‍

Web Desk
|
2 Feb 2025 2:21 PM IST

''സംഘ്പരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യൻ്റെ വാക്കുകളിൽ കാണുന്നത്. ബിജെപി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുത്''

തിരുവനന്തപുരം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കുന്നതാണ്. സംസ്ഥാനത്തെ അവഹേളിച്ച ജോർജ് കുര്യന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ അർഹതയില്ല. പ്രസ്താവന പിൻവലിച്ച് ജോർജ് കുര്യൻ മാപ്പ് പറയണം.

ബജറ്റിൽ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമർശനമായി ഉന്നയിക്കുമ്പോൾ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണം.

കേരളത്തിൻ്റെ നേട്ടങ്ങളിൽ ബി.ജെ.പിക്കും സംഘ്പരിവാറിനും എന്ത് പങ്കാണുള്ളത്? സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആർജ്ജവമോ ഇച്ഛാശക്തിയോ ജോർജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ല. ബിജെപിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്ര മന്ത്രിമാർ അധപതിക്കരുത്.

രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങൾ ഉണ്ടാകുമ്പോൾ ബജറ്റിൻ്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘ്പരിവാറിൻ്റെ ശ്രമം. അതിനുള്ള നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സംഘ്പരിവാർ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോർജ് കുര്യൻ്റെ വാക്കുകളിൽ കാണുന്നത്. ബി.ജെ.പി മന്ത്രിയാണെങ്കിലും ജോർജ് കുര്യൻ കേരളീയനാണെന്നത് മറക്കരുത്

Similar Posts