< Back
Kerala
അമ്മയുടെ പേര് തെറ്റായി നൽകിയത് അമ്മയോട് ചെയ്യുന്ന നീതികേടായിപ്പോകും: പിണറായി വിജയൻ
Kerala

അമ്മയുടെ പേര് തെറ്റായി നൽകിയത് അമ്മയോട് ചെയ്യുന്ന നീതികേടായിപ്പോകും: പിണറായി വിജയൻ

Web Desk
|
28 May 2025 6:33 PM IST

സെക്രട്ടേറിയേറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ തയാറാക്കിയ ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കമലഹാസൻ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: 'പിണറായി ദ ലജൻഡ്' ഡോക്യുമെന്ററിയുടെ പ്രകാശനച്ചടങ്ങിൽ അമ്മയുടെ പേര് തെറ്റായാണ് നൽകിയതെന്ന് പിണറായി വിജയൻ. ആലക്കാട് കല്യാണിയെന്നാണ് അമ്മയുടെ പേര്. ആലക്കണ്ടി കല്യാണിയെന്നാണ് ഡോക്യുമെന്ററിയിൽ പറഞ്ഞിരിക്കുന്നത്. അമ്മയെ അറിയുന്നവർക്ക് തെറ്റ് മനസ്സിലാകുമെന്നും ഇത് അമ്മയോട് ചെയ്യുന്ന നീതികേടായിപ്പോകുമെന്നും പ്രസംഗത്തിനിടെ പിണറായി പറഞ്ഞു.

സെക്രട്ടേറിയേറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ തയാറാക്കിയ ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കമലഹാസൻ പ്രകാശനം ചെയ്തു. കമൽഹാസൻ പിണറായിയെക്കുറിച്ച് പറയുന്ന ഭാഗത്തിലാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. തങ്ങൾ രണ്ട് പേരും സഖാക്കളാണെന്നും അഴിമതിക്കെതിരെ പോരാടുന്നത് തുടരണമെന്നും കമൽഹാസൻ ചടങ്ങിൽ പറഞ്ഞു.

പിണറായിയുടെ ജനനവും വിദ്യാർഥി രാഷ്ട്രീയ കാലഘട്ടവും അടക്കം കാണിക്കുന്ന 30 മിനുട്ട് ദൈർഘ്യമുള്ളതാണ് ഡോക്യുമെന്ററി. ഇഎംഎസ് നമ്പൂതിരിപ്പാടിനോ നായനാർക്കോ വിഎസിനോ സാധിക്കാതിരുന്ന തുടർഭരണമെന്ന നായികക്കല്ലാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേടിയതെന്ന് ഡോക്യുമെന്ററിയിൽ പറയുന്നു.

ആദ്യമായിട്ടാണ് ഒരു സർവീസ് സംഘടന പിണറായിയെ കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കുന്നത്. പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.

Similar Posts