< Back
Kerala
എല്ലാത്തിനും കാരണഭൂതനായ അങ്ങ് സുഖമായിരിക്കുന്നതിൽ സന്തോഷം; കേരളത്തിലെ വിശേഷങ്ങൾ അറിയിച്ച് മുഖ്യമന്ത്രിക്ക് സുധാകരന്റെ കത്ത്
Kerala

''എല്ലാത്തിനും കാരണഭൂതനായ അങ്ങ് സുഖമായിരിക്കുന്നതിൽ സന്തോഷം''; കേരളത്തിലെ വിശേഷങ്ങൾ അറിയിച്ച് മുഖ്യമന്ത്രിക്ക് സുധാകരന്റെ കത്ത്

Web Desk
|
20 Jan 2022 6:33 PM IST

വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കുശേഷം കേരള പൊലീസിനും 'സുഖമാണ്' എന്നറിയുമല്ലോ. കാരണം ഇപ്പോൾ കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗുണ്ടകൾ പൊലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭരണത്തിൽ ഗുണ്ടകൾ പോലും എത്ര മാന്യന്മാർ!-കത്തിൽ കെ സുധാകരൻ

അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കേരളത്തിലെ വിശേഷങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് പരിഹാസസ്വരത്തിലുള്ള സുധാകരന്റെ കത്ത്. എല്ലാത്തിനും കാരണഭൂതനായ അങ്ങ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയിൽ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്ന് ട്വിറ്ററിൽ പങ്കുവച്ച കത്തിൽ സുധാകരൻ കുറിച്ചു.

അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം 'നന്നായി' തന്നെ നിർവഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയവിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്-കത്തിൽ സുധാകരൻ.

ട്വിറ്ററിൽ പങ്കുവച്ച കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകളുടെ ശ്രദ്ധയ്ക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അയക്കുന്ന കത്ത്

''ആശുപത്രിയിലാണ്, സുഖമായിരിക്കുന്നു''

കാബിനറ്റ് മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു. താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകൻ തലസ്ഥാനത്തുണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ!

അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം 'നന്നായി' തന്നെ നിർവഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം. കാനത്തിനുള്ള രാഷ്ട്രീയവിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ. കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും 'അങ്ങേർക്കത്' മനസ്സിലായില്ലെന്നു തോന്നുന്നു.

ഐബി സതീഷും ടിഎൻ സീമയും ഉൾപ്പെയെ നേതാക്കളും കിടപ്പിലായി. തിരുവാതിരക്കാരും കഷ്ടത്തിലാണ്. എല്ലാത്തിനും 'കാരണഭൂതനായ' അങ്ങ്, എകെ ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ, സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി 'അമേരിക്കയിൽ' സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.

വിജയന്റെ അമേരിക്കയിലേക്കുള്ള യാത്രയ്ക്കുശേഷം കേരള പൊലീസിനും 'സുഖമാണ്' എന്നറിയുമല്ലോ. കാരണം ഇപ്പോൾ കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗുണ്ടകൾ പൊലീസ് സ്റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭരണത്തിൽ ഗുണ്ടകൾ പോലും എത്ര മാന്യന്മാർ!

അവിടെയുള്ള എല്ലാ പരിവാരങ്ങളോടും കേരളത്തിലുള്ള ഞങ്ങളുടെ സ്‌നേഹാന്വേഷണം അറിയിക്കുക. എല്ലാ ജില്ലകളിലും പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ കടുത്ത ജാഗ്രത വേണമെന്ന് വീണാ ജോർജ് അറിയിച്ചിട്ടുണ്ട്. ഞങ്ങൾ പരമാവധി ജാഗ്രത പാലിക്കുന്നുണ്ട്. ഇനിയിപ്പോൾ പാർട്ടി കോൺഗ്രസ് നടന്നുകഴിഞ്ഞാൽ ഇന്ത്യയാകെ പടരുമല്ലോ!

പ്രിയപ്പെട്ട സഖാവ് അതുവരെയെങ്കിലും അവിടെ തുടരുന്നതാണ് അങ്ങയുടെയും കേരളത്തിന്റെയും ആരോഗ്യത്തിന് നല്ലത്. കാരണം, വറുതികാലത്ത് അങ്ങയാണല്ലോ ഞങ്ങളെ പോറ്റിവളർത്തിയ കാരണഭൂതൻ. അതുകൊണ്ടുതന്നെ അമേരിക്കയിൽ സുഖമായിരിക്കേണ്ടത് ഈ പ്രജകളുടെ ആവശ്യമാണല്ലോ!

വിശ്വാസപൂർവം

കെ സുധാകരൻ എംപി

പ്രസിഡന്റ്,

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി

Similar Posts