
Photo| Special Arrangement
കോഴിക്കോട്ടെ ക്ഷേത്രത്തിലും സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടു; പരാതി മുൻ എക്‌സിക്യൂട്ടീവ് ഓഫീസർക്കെതിരെ
|ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികളിൽ ചിലത് ഈ കാലയളവിൽ നഷ്ടപ്പെട്ടെന്നാണ് പരാതി.
കോഴിക്കോട്: ശബരിമലയിലെ സ്വർണക്കൊള്ള വിവാദത്തിനിടെ കോഴിക്കോട്ടെ ക്ഷേത്രത്തിലും സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടെന്ന് കണ്ടെത്തൽ. ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രത്തിലാണ് സംഭവം. മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വർണ ഉരുപ്പടികളില്‍ 20 പവനോളം കുറവ് കണ്ടെത്തിയത്. 2016ല്‍ ചുമതലയേറ്റ ബാലുശ്ശേരി കോട്ട ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി വിനോദ് കുമാറിൽ നിന്നാണ് സ്വർണം നഷ്ടപ്പെട്ടതെന്നാണ് കണ്ടെത്തൽ.
വിനോദിനെ ക്ഷേത്രത്തിലേക്ക് വിളിച്ചു വരുത്തിയാണ് പരിശോധന നടത്തിയത്. 2016 മുതൽ 2023 വരെയാണ് വിനോദ്‌കുമാർ ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നത്. ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികളിൽ ചിലത് ഈ കാലയളവിൽ നഷ്ടപ്പെട്ടെന്നാണ് പരാതി.
സ്ഥലംമാറിപ്പോയ സമയത്ത് പകരം വന്ന എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് വിനോദ് ഉരുപ്പടികൾ കൈമാറിയിരുന്നില്ല. രേഖാമൂലം വിവരം ആരാഞ്ഞെങ്കിലും ഇയാൾ കണക്കുകൾ കൈമാറാൻ തയാറായില്ല. നിലവിൽ ചുമതലയേറ്റ എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വെരിഫിക്കേഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ 20 പവനോളം സ്വർണ ഉരുപ്പടികൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
നഷ്ടപ്പെട്ട സ്വർണം ഒക്ടോബർ മൂന്നിന് തിരിച്ചേൽപ്പിക്കാം എന്ന് വിനോദ് പറഞ്ഞെങ്കിലും ക്ഷേത്രത്തിൽ എത്തിച്ചില്ല. നാളെയാണ് ഇയാൾക്ക് സ്വർണം നൽകാനുള്ള അവസാന ദിവസമായി അനുവദിച്ചിരിക്കുന്നത്. മറ്റ് പല ക്ഷേത്രങ്ങളിൽ നിന്നും ഇയാൾ സ്വർണം തിരിമറി നടത്തിയതായി പരാതിയുണ്ട്. നാളെ സ്വർണം തിരികെ ലഭിച്ചില്ലെങ്കിൽ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ക്ഷേത്രം ഭാരവാഹികൾ.
മുക്കം നീലേശ്വരം ശിവക്ഷേത്രത്തിലും സ്വർണത്തിന്റെ അളവിൽ വ്യത്യാസം കണ്ടെത്തി. 2023ലെ കണക്കിൽ നിന്നും മാറ്റം വന്നു എന്നാണ് പരാതി. ഉരുപ്പടികൾക്കൊപ്പം മുക്കുപണ്ടം ഉള്ളതായി അമ്പല കമ്മിറ്റി ഭാരവാഹികൾ പറയുന്നു. സംഭവത്തിൽ ഭാരവാഹികൾ മുക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.