< Back
Kerala
ഇറാൻ-ഇസ്രായേൽ സംഘർഷം; കുതിച്ചുയര്‍ന്ന് സ്വർണവില
Kerala

ഇറാൻ-ഇസ്രായേൽ സംഘർഷം; കുതിച്ചുയര്‍ന്ന് സ്വർണവില

Web Desk
|
13 Jun 2025 1:30 PM IST

ഇന്ധന വിലയിലും വർധനവുണ്ടായിട്ടുണ്ട്

തെഹ്റാന്‍: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് പിന്നാലെ ലോകവിപണിയിൽ സ്വർണവിലയും എണ്ണവിലയും കുതിച്ചുയർന്നു. കേരളത്തിൽ സ്വർണവില പവന് 1,560 രൂപ ഉയർന്ന് 74,360 രൂപയുമായി. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയായി.ഏപ്രിലിൽ സ്വർണവില 74,320 രൂപയിൽ എത്തിയിരുന്നു. ഈ റെക്കോര്‍ഡാണ് ഇന്ന് തകര്‍ന്നത്.

ഒരു പവൻ സ്വർണാഭരണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും. ഒരു ഗ്രാം സ്വർണാഭരണം വാങ്ങണമെങ്കിൽ 10000 രൂപയധികം നല്‍കേണ്ടിവരും.

അതേസമയം, അന്താരാഷ്ട്ര സ്വർണ്ണവില 3430 ഡോളറാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ഗ്രാമിന് 685 രൂപയും പവന് 5480 രൂപയുമാണ് വിലവർധന ഉണ്ടായിരിക്കുന്നത്. രൂപ കൂടുതൽ ദുർബലമായതാണ് ആഭ്യന്തര സ്വർണ്ണവില ഉയരാൻ മറ്റൊരു കാരണo.

ആഗോളവിപണിൽ ക്രൂഡ് ഓയിൽ വില അഞ്ച് ഡോളർ കൂടി.എണ്ണവില 8.59 ശതമാനമാണ് കുതിച്ചത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 75 ഡോളര്‍ കടന്നിരിക്കുകയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇറാനിലെ തെഹ്റാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഇറാന്റെ ഉന്നത സൈനിക മേധാവികളും ആണവശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാൻ തിരിച്ചടി തുടങ്ങിയതോടെ പശ്ചിമേഷ്യയാകെ യുദ്ധഭീതിയിലാണ്. വർഷങ്ങൾ നീണ്ട മൊസാദിന്റെ ആസൂത്രണത്തിനൊടുവാണ് ഇറാനിൽ ഇസ്രായേലിന്റെ വലിയ ആക്രമണം നടന്നത്. തലസ്ഥാനമായ തഹ്റാനക്കം പതിനഞ്ചിലധികം കേന്ദ്രങ്ങളിൽ ഇസ്രായേലിന്റെ ബോംബ് വീണു.

ഐആർജിസി തലവൻ ഹുസൈൻ സലാമിയും ഇറാൻ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഖരിയും കൊല്ലപ്പെട്ടു. ഇറാന്റെ ആണവബുദ്ധികേ ന്ദ്രങ്ങളായ ശാസ്ത്രജ്ഞർ മുഹമ്മദ് മഹ്ദിയെയും ഫെറെയ്ദൂൻ അബ്ബാസിയെയും ഇസ്രായേൽ വധിച്ചു. പ്രമുഖ അക്കാദമിക് വിദഗ്ധരും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു.

ഇസ്രായേലിലേക്ക് നൂറിലേറെ ഡ്രോണുകൾ അയച്ച് ഇറാനും തിരിച്ചടി തുടങ്ങി. ഡ്രോണുകൾ തടഞ്ഞിട്ടെന്നാണ് ഇസ്രായേൽ വാദം. ഇസ്രായേലിലെ പ്രമുഖരെല്ലാം ബങ്കറുകളിലാണ് കഴിയുന്നത്. തിരിച്ചടി നേരിടാൻ സൈനികരെയും ആശുപത്രികളെയും സജ്ജമാക്കിയിട്ടുണ്ട്.ഇറാഖിലെ അടക്കം എംബസികളിൽ നിന്ന് യു എസ് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചു. ഇറാനും ജോർദാനും വ്യോമപാത അടച്ചു. ഇതോടെ രാജ്യാന്തര വിമാന സർവീസുകൾ താളംതെറ്റി. ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയാണ്.


Similar Posts