< Back
Kerala
സ്വർണക്കടത്ത്: കസ്റ്റംസ് വെളിപ്പെടുത്തൽ അതീവ ഗുരുതരമെന്ന് കെ സുധാകരൻ
Kerala

സ്വർണക്കടത്ത്: കസ്റ്റംസ് വെളിപ്പെടുത്തൽ അതീവ ഗുരുതരമെന്ന് കെ സുധാകരൻ

Web Desk
|
31 July 2021 7:35 PM IST

സമ്മർദതന്ത്രങ്ങൾ ഫലിക്കാതെ വരികയും സ്വർണക്കടത്തിൽ കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലേക്ക് പോകുകയും ചെയ്തപ്പോഴാണ് സിപിഎമ്മും മുഖ്യമന്ത്രിയും അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചു

സ്വർണക്കടത്ത് കേസിൽ ഒരു രാഷ്ട്രീയ പാർട്ടി സ്വാധീനിക്കാൻ ശ്രമിച്ചെന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ വെളിപ്പെടുത്തൽ അതീവ ഗുതുതര സ്വഭാവമുള്ളതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സ്വാധീനിച്ചത് സിപിഎമ്മാണെന്ന് പകൽപോലെ വ്യക്തമാണെന്നും സുധാകരൻ പറഞ്ഞു.

കമ്മീഷണറുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണ്. അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വർണക്കടത്ത് കേസ് അട്ടിമറിച്ചുവെന്നാണ് വ്യക്തമാകുന്നത്. സ്വർണക്കടത്ത് കേസ് ഇപ്പോൾ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണ്. ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തർധാരയുടെ മറ്റൊരു ഏടാണ് പുറത്തുവന്നിരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

സുമിത് കുമാറിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം നടത്തിയാൽ ഒത്തുതീർപ്പുരാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറങ്ങൾ പുറത്തുവരും. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിൽ സുപ്രധാന ഇടപെടലുകൾ നടത്തിയത് സുമിത് കുമാറാണ്. അദ്ദേഹത്തിന്റേത് സ്വാഭാവിക സ്ഥലംമാറ്റമാണെന്നു പറയപ്പെടുമ്പോഴും ഇതിനു പിന്നിൽ ഇതേ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു-അദ്ദേഹം സൂചിപ്പിച്ചു.

സമ്മർദതന്ത്രങ്ങൾ ഫലിക്കാതെ വരികയും സ്വർണക്കടത്തിൽ കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലേക്ക് പോകുകയും ചെയ്തപ്പോഴാണ് സിപിഎമ്മും മുഖ്യമന്ത്രിയും പലഘട്ടത്തിലും അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചത്. കേട്ടുകേൾവിയില്ലാത്തവിധം കസ്റ്റംസിനെതിരെ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തിയ അത്യപൂർവ സംഭവമാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Similar Posts