< Back
Kerala

Kerala
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡിആർഐ ചോദ്യം ചെയ്യുന്നു
|15 Jun 2023 11:23 AM IST
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടിയാണ് സ്വർണക്കടത്ത് നടക്കുന്നതെന്നാണ് ഡിആർഐ സംഘത്തിന്റെ നിഗമനം
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡി ആർ ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഡിആർഐ ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ.
ഈ മാസം നാലാം തീയതി അബുദാബിയിൽ നിന്ന് നാലരക്കിലോ സ്വർണം കടത്താൻ ശ്രമിച്ചെന്നാണ് കേസ്. സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ഡിആർഐ ഇവരെ പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിൽ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സ്വര്ണക്കടത്തിൽ പങ്കുണ്ടെന്ന വിവരം ഡിആർഐക്ക് ലഭിച്ചു.
അബുദാബിയിൽ നിന്നടക്കം നിരവധി സ്ഥലങ്ങളിൽ നിന്ന് 80 കിലോ സ്വർണം പ്രതികൾ കടത്തിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോട് കൂടിയാണ് സ്വർണക്കടത്ത് നടക്കുന്നതെന്നാണ് ഡിആർഐ സംഘത്തിന്റെ നിഗമനം. തുടർന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ പിടികൂടി ചോദ്യം ചെയ്യുന്നത്.