
Photo|MediaOne News
ശ്രീകോവിലിലെ കട്ടിളപാളിയിലെ സ്വർണക്കൊള്ള; പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ദേവസ്വം ബോർഡ്
|ദേവസ്വം കമ്മീഷണർ ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: ശ്രീകോവിലിലെ കട്ടിളപാളിയിലെ സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം വേണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതുസംബന്ധിച്ച് ദേവസ്വം കമ്മീഷണർ ഡിജിപിക്ക് പരാതി നൽകി. ദേവസ്വം വിജിലൻസ് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ദ്വാരപാലക ശിൽപത്തിലെ പാളികൾ ഉരുക്കി സ്വർണം തട്ടിയതിന്റെ വിശദാംശങ്ങളാണ് വിജിലൻസ് ആദ്യം നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ ഇന്നലെ നൽകിയ റിപ്പോർട്ടിൽ ശ്രീകോവിലിലെ കട്ടിളപാളിയിൽ നിന്നും സ്വർണം ഉരുക്കി കൊണ്ടുപോയതായും ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നടക്കം ഗുരുതര വീഴ്ചയുണ്ടായാതായും വ്യക്തമാക്കിയിരുന്നു.
സ്വർണം പൊതിഞ്ഞ ചെമ്പുപാളികളാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെങ്കിലും ദേവസ്വം കമ്മീഷണറുടെ കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പുപാളികൾ എന്നാണ്. മഹസറിലടക്കം രേഖപ്പെടുത്തിയതും ചെമ്പുപാളികളെന്നാണ്. ഉദ്യോഗസ്ഥ തലത്തിൽ ഗൂഢാലോചന സംശയിക്കാനുള്ള കാരണം ഇതാണ്.