
തൃക്കുന്നപ്പുഴയിൽ തോക്കുമായി ഗുണ്ടാസംഘം ഏറ്റുമുട്ടി; പത്ത് പേർക്ക് പരിക്ക്
|പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുന്നതുമായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. അർധരാത്രിയോടെയുണ്ടായ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
തൃക്കുന്നപ്പുഴയിലെയും ഹരിപ്പാട്ടെയും സംഘങ്ങളാണ് ഏറ്റുമുട്ടിയത്.ബാറില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കമാണ് വലിയൊരു ഏറ്റുമുട്ടലില്‍ കലാശിച്ചത്. വലിയുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ കെട്ടുകാഴ്ച നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിനിടെ തോക്ക് ചൂണ്ടിയ ആളെ പട്ടിക കൊണ്ട് തലക്കടിച്ചിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തിയപ്പോഴും പ്രതികളെല്ലാം മുങ്ങിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതികളെല്ലാം സ്ഥിരം കുറ്റവാളികളാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറയുന്നു.