< Back
Kerala
Goonda leader Kuttur Anoop arrested for Aavesham Movie Model Party
Kerala

ആവേശം മോഡൽ പാർട്ടി; ഗുണ്ടാ നേതാവ് കുറ്റൂർ അനൂപ് അറസ്റ്റിൽ

Web Desk
|
16 May 2024 11:51 AM IST

പാർട്ടിയിൽ കൊലക്കേസ് പ്രതികളടക്കം പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തൽ.

തൃശൂർ: ആവേശം മോഡൽ പാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ കേസെടുത്ത് വിയ്യൂർ പൊലീസ്. ​ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ക്രിമിനൽ പശ്ചാത്തലം ഉള്ള അനൂപിനെ അസാധാരണ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നുള്ള പ്രിവന്റീവ് അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ആവേശം മോഡൽ പാർട്ടിയിൽ കൊലക്കേസ് പ്രതികളടക്കം പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തൽ. പാർട്ടി സംബന്ധിച്ച് അനൂപിൽ നിന്ന് വിശദമായ മൊഴി പൊലീസ് ശേഖരിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് കൈമാറും.

വിചാരണ തടവുകാരനായ അനൂപ് ജയിലിൽ നിന്നും പുറത്തിറങ്ങിയ സന്തോഷത്തിലാണ് മറ്റു ​ഗുണ്ടകൾക്കൊപ്പം പാർട്ടി നടത്തിയത്. തൃശൂർ കുറ്റൂരിലെ പാടശേഖരത്തായിരുന്നു കുപ്രസിദ്ധ ഗുണ്ടകൾ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് പാർട്ടി. അനൂപിനെ വലിയ ആരവത്തോടെ ആണ് സുഹൃത്തുക്കൾ സ്വീകരിച്ചത്.

കഴിഞ്ഞ മാസം അവസാനം നടന്ന പാർട്ടിയിലെ ആഘോഷം ഇവർ തന്നെയാണ് ചിത്രീകരിച്ചത്. തുടർന്ന് ആവേശം സിനിമയിലെ ഹിറ്റായ 'എട മോനെ' ഡയലോ​ഗിന്റെ അകമ്പടിയോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവാദമായത്. മദ്യമുൾപ്പെടെ പാർട്ടിയിലേക്ക് എത്തിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

വീഡിയോ നിരവധി പേർ ഷെയർ ചെയ്തിരുന്നു. പാർട്ടി നടക്കുന്നതിനിടെ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ സുഹൃത്തുക്കളുമായി ഒന്നിച്ച് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്യുന്നത് എന്നായിരുന്നു ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ അനൂപ് പൊലീസിനോട് പറഞ്ഞത്.

Similar Posts