< Back
Kerala
Gopal Menon
Kerala

'എമ്പുരാനിലുള്ളത് ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്‍റെ ആയിരത്തിലൊന്ന് മാത്രം': ഗോപാല്‍ മേനോന്‍

Web Desk
|
7 April 2025 2:37 PM IST

2002ല്‍ ഗുജറാത്തില്‍ സംഭവിച്ചത് ഇതിനേക്കാള്‍ എത്രയോ ഭയാനകമായ കാര്യങ്ങളാണ്

കോഴിക്കോട്: പൃഥ്വിരാജ്-മോഹൻലാൽ ചിത്രം എമ്പുരാനിൽ ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്‍റെ ആയിരത്തിലൊന്ന് മാത്രമാണ് ഉള്ളതെന്ന് പ്രശസ്ത ഡോക്യുമെന്‍ററി സംവിധായകൻ ഗോപാൽ മേനോന്‍. ഗു­ജ­റാ­ത്ത് ക­ലാപ­ത്തെ കു­റി­ച്ചു­ള്ള 'ഹേ റാം: ജെനോസൈഡ് ഇന്‍ ദ ലാന്‍ഡ് ഓഫ് ഗാന്ധി' എന്ന ഡോ­ക്യു­മെന്‍ററിയുടെ സംവിധായകൻ കൂടിയാണ് ഗോപാൽ. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''സ്വാതന്ത്ര്യത്തിന് ശേഷം ഹിന്ദുത്വ ഫാഷിസത്തിന്‍റെ വളര്‍ച്ചക്ക് സമാന്തരമായി രാജ്യത്തുണ്ടായ വംശീയ ഉന്മൂലനമാണ് 2002ല്‍ ഗുജറാത്തില്‍ നടത്തിയത്. ഗുജറാത്ത് വംശീയ ഉന്മൂലനത്തെ പുത്തന്‍ തലമുറയുടെ മുന്നിലേയ്ക്ക് കൊണ്ടുവെച്ചു എന്നതാണ് എമ്പുരാന്‍ എന്ന സിനിമ നിര്‍വഹിച്ച രാഷ്ട്രീയധര്‍മ്മം. ആ അര്‍ത്ഥത്തില്‍ സംവിധായകനായ പൃഥ്വിരാജും തിരക്കഥാകൃത്തായ മുരളി ഗോപിയും മതേതരസമൂഹത്തിന് വലിയ സംഭാവനയാണ് നല്‍കിയത്. എന്നാല്‍ ഈ സിനിമ കണ്ട് ഗുജറാത്ത് കൂട്ടക്കൊലയെപ്പറ്റി മനസിലാക്കുന്നവര്‍ അറിയേണ്ടത് ആ സിനിമയില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഹിംസയുടെ ആയിരത്തിലൊന്ന് പോലും ഇല്ല എന്നതാണ്. ആ സിനിമയിലെ രംഗങ്ങള്‍ നിങ്ങളെ ഞെട്ടിച്ചെങ്കില്‍ ശരിക്കും നടന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതാണ്. 2002ല്‍ ഗുജറാത്തില്‍ സംഭവിച്ചത് ഇതിനേക്കാള്‍ എത്രയോ ഭയാനകമായ കാര്യങ്ങളാണ്. ഹിന്ദുത്വ വംശീയ വാദികള്‍ അവിടെ ചെയ്തത്. ഗര്‍ഭിണിയായ കൗസര്‍ ബാനുവിന്‍റെ വയര്‍ കീറി ഭ്രൂണം പുറത്ത് എടുത്ത ശവ ശരീരത്തിന്‍റെ ഫോട്ടോ എന്‍റെ ഡോക്യുമെന്‍ററിയിൽ ഉപയോഗിച്ചിട്ടുണ്ട്.

ഗുജറാത്ത് കൂട്ടക്കൊല നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അവിടെ ആദ്യമായി ക്യാമറയുമായി എത്തിയവരില്‍ ഒരാളാണ് ഞാന്‍. കലാപം നടക്കുന്ന കാലത്ത് തന്നെ അതേക്കുറിച്ച് ഒരു ഡോക്യുമെന്‍ററി നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. ഗുജറാത്ത് വംശീയ ഉന്മൂലതനത്തെ കുറിച്ച് ആദ്യമായി നിര്‍മിക്കപ്പെട്ട ഡോക്യുമെന്‍ററിയും അതായിരിക്കും. 'ഹേ റാംഃ ജെനോസൈഡ് ഇന്‍ ദ ലാന്‍ഡ് ഓഫ് ഗാന്ധി' എന്ന ആ ഡോക്യുമെന്ററി ഡല്‍ഹിയിലെ സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ , 2002 മാര്‍ച്ച് 23 ന് പ്രദര്‍ശിപ്പിച്ചിരുന്നു. 28 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി 2002 ലെ ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്‍റെ അങ്ങേയറ്റത്തെ ക്രൂരതയും അക്രമവും രേഖപ്പെടുത്തുന്നതാണ്. പ്രദര്‍ശനം കാണാന്‍ ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയും കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍സിങ്ങും കുടുംബവും അടക്കം നൂറുകണക്കിന് ആളുകളുണ്ടായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രദര്‍ശനങ്ങള്‍ അരങ്ങേറി. എപ്രില്‍മാസത്തില്‍ അമേരിക്കയിലും ലണ്ടനിലും പ്രദര്‍ശിപ്പിച്ചു. വിഎച്ച്എസ് കാസറ്റും സിഡികളും വ്യാപകമായാണ് പ്രചരിച്ചത്. ഇന്‍റര്‍നെറ്റില്‍ സൗജന്യമായി കാണാനുള്ള സൗകര്യമൊരുക്കിയതിനാല്‍ ആയിരങ്ങള്‍ അതുവഴിയും കണ്ടു.

അതിനു ശേഷവും ഗുജറാത്ത് വംശീയ ഉന്മൂലനത്തെ കുറിച്ച് രണ്ട് ഡോക്യുമെന്‍ററികള്‍ ചെയ്തു. 2002 മുതല്‍ 2014 വരെ ഗുജറാത്തിനെ സംബന്ധിച്ച രണ്ട് ഭാഗങ്ങളുള്ള 'അണ്‍ഹോളി വാര്‍ 1, അണ്‍ഹോളി വാര്‍ 2',എന്ന പരമ്പരകളുടെ സംവിധാനവും ക്യാമറയും നിര്‍മ്മാണവും ഞാന്‍ ചെയ്തതാണ്. Channel 4 UK പ്രക്ഷേപണം ചെയ്ത 'ഹിന്ദു നാഷണലിസം ഇന്‍ യു.കെ ' എന്ന ഡോക്യുമെന്‍ററിയുടെ ലൊക്കേഷന്‍ ഡയറക്ടര്‍, ലൊക്കേഷന്‍നിര്‍മ്മാതാവ്, ക്യാമറാമാന്‍ എന്നീ നിലകളില്‍ (2002) യില്‍ പ്രവര്‍ത്തിച്ചു. പ്രസ്തുത ഡോക്യുമെന്ററിയെ കുറിച്ചുള്ള ജോനാഥന്‍ മില്ലറുടെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടതിന്റെ ഫലമായി സേവാ ഇന്റര്‍നാഷണലിന് രണ്ട് വര്‍ഷത്തെ വിലക്ക് ലഭിച്ചു. 2014-ല്‍ രണ്ട് സംഘടനകള്‍, അൺ ഹോളി വാർ 1, എന്ന ഡോക്യുമെന്ററി സുപ്രീം കോടതിയില്‍ ഗുജറാത്തിലെ കർഷക ആത്മഹത്യ കേസുകളിൽ തെളിവായി അവതരിപ്പിച്ചു.ഇതേത്തുടര്‍ന്ന്, ബിജെപിയുടെ 'വൈബ്രന്റ് ഗുജറാത്ത്' പ്രചാരണത്തിന് തിരിച്ചടി നേരിട്ടു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്ത് വീണ്ടും ചര്‍ച്ചകളിലേയ്ക്ക് കൊണ്ടുവന്നത് ബിബിസിയുടെ “ India: The Modi Question “ ഡോക്യുമെന്‍ററി പരമ്പരയിലൂടെ ലോകം മുഴുവന്‍ ചര്‍ച്ചയായ ആ ഡോക്യുമെന്ററിയുടെ ലൊക്കേഷന്‍ പ്രോഡ്യൂസറും റിസര്‍ച്ചറും ആയി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഞാന്‍ അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. അന്ന് അത് നിര്‍മിക്കുന്ന കാലത്തെ സാഹചര്യങ്ങള്‍ ഇത് വെളിപ്പെടുത്താവുന്നതരത്തിലായിരുന്നില്ല. എന്നാല്‍ ഇന്ന് അത് ഉറക്കെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. ഗുജറാത്ത് വംശീയ ഉന്മൂലനത്തെ കുറിച്ച് സമൂഹവും പുതിയ തലമുറയും കൂടുതലായി അറിയേണ്ടതുണ്ട്. ഹിന്ദുത്വ വര്‍ഗീയത ഇന്ത്യയെന്ന മതേതര രാജ്യത്തെ ഏതെല്ലാം വിധത്താലാണ് തകര്‍ക്കുന്നത് എന്ന് കൃത്യമായി അറിയുകയാണ് ഇന്ത്യയെ സംരക്ഷിക്കാനുള്ള ഏറ്റവും ആദ്യത്തെ പ്രധാന പ്രവര്‍ത്തനം. അതിന് കഴിഞ്ഞ 30തോളം വര്‍ഷമായി ഞാന്‍ ചെയ്ത ഡോക്യുമെന്‍ററികള്‍ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.

1994ല്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന് വേണ്ടി കക്കയം ജീരകപ്പാറ വന നശീകരണത്തിനേതിരില്‍ ചെയ്ത ഡോക്യുമെന്‍ററിയാണ് എന്റെ ആദ്യ വര്‍ക്ക്. അതിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭരണകൂട വഭീകരതക്കും ചുഷണങ്ങള്‍ക്കും ഇരയാക്കപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ എത്തിയിട്ടുണ്ട്. 'കില്ലിംഗ് ഫീല്‍ഡ്സ് ഓഫ് മുസാഫര്‍നഗര്‍' (2013) മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ചുള്ള ഒരു സിനിമയാണ്. ഈ ഡോക്യുമെന്‍ററി തീവ്ര ഹിന്ദുത്വ ഗൂഢാലോചനകള്‍ തുറന്നുകാട്ടുക മാത്രമല്ല, നഗ്നമായ അക്രമ പ്രവര്‍ത്തനങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. എല്ലാ തരം വര്‍ഗ്ഗീയതകളെയും റദ്ദ് ചെയ്യുന്നതാണ് എന്‍റെ സിനിമകള്‍... ഗോപാൽ മേനോൻ പറയുന്നു.

Similar Posts