
സ്വർണം വിറ്റതിന് ഗോവര്‍ധൻ ദേവസ്വം ബോര്‍ഡിന് 14.97 ലക്ഷം നൽകി; രേഖകൾ മീഡിയവണിന്
|എക്സിക്യുട്ടീവ് ഓഫീസർക്ക് ഡിഡി ആയാണ് തുക കൈമാറിയത്.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ,തനിക്ക് വിറ്റതാണെന്ന് ജ്വല്ലറിയുടമയായ ഗോവർധൻ. 14.97 ലക്ഷം രൂപയാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഡിഡി ആയി കൈമാറിയത്.
ദേവസ്വം ബോർഡാണ് ക്രമക്കേട് നടത്തിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിൽ ഗോവർധൻ പറയുന്നു. പണം കൈമാറിയതിന്‍റെ രേഖകളും ഗോവർധൻ കോടതിയിൽ സമർപ്പിച്ചു. രേഖകളുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
ശബരിമല സ്വർണ കൊള്ളയിൽ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നതാണ് ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർധന്‍റെ വാദം . ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം വാങ്ങിയതിന് 14 ലക്ഷം രൂപ നൽകിയിട്ടുണ്ട്. ഇതിൽ 10 ലക്ഷം രൂപ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഡി ഡിയായി കൈമാറി. ബാക്കി തുകയിൽ 2. 73 ലക്ഷം രൂപ മാളികപ്പുറത്ത് സ്വർണ്ണ ഹാരം വാങ്ങുന്നതിനും 1.70 ലക്ഷം രൂപ ഉണ്ണികൃഷ്ണൻ പോറ്റി വഴിയും നൽകി. ഇങ്ങനെ 474 ഗ്രാം സ്വർണത്തിന് ഗ്രാം വിലയിൽ 14.83 ലക്ഷം രൂപയാണ് നൽകിയിട്ടുള്ളത്.
ശബരിമലയിൽ നിന്നും സ്വർണം തട്ടിയെടുത്തിട്ടില്ല. പണം കൊടുത്ത് വാങ്ങിയതാണെന്നുമാണ് ഹൈക്കോടതിയിൽ അഡ്വ. തോമസ് ആനക്കാലുങ്കൽ മുഖേന സമർപ്പിച്ച ജാമ്യ അപേക്ഷയിൽ ഗോവർധൻ വ്യക്തമായിട്ടുള്ളത്. ഇതോടെ സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന്‍റെ പങ്കിനെക്കുറിച്ച് കൂടുതൽ സംശയങ്ങളാണ് ഉയർന്നുവരുന്നത്. ദേവസ്വം ബോർഡിന്‍റെ ഇടപെടലിനെ കൂടുതൽ സംശയത്തിലാക്കുന്നതാണ് ഗോവർധന്‍റെ വാദം. ഗോവർദ്ധൻ പണം കൈമാറിയതിനെക്കുറിച്ച് ദേവസ്വം ബോർഡ് മറുപടി പറയേണ്ടിവരും. അന്വേഷണസംഘം തന്നെ തെറ്റായി പ്രതിചേർത്തുവെന്നാണ് ഗോവർധൻ ആരോപിക്കുന്നത്.
ശബരിമലയിൽ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വർണം ഭീഷണിപ്പെടുത്തി എസ് ഐ ടി പിടിച്ചെടുക്കുകയായിരുന്നുവെന്നും ജാമ്യ ഹരജിയിൽ ഗോവർധൻ വ്യക്തമാക്കിയിട്ടുണ്ട്. തത്തുല്യമായ സ്വർണമാണ് പിടിച്ചെടുത്തതെങ്കിൽ ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണം എവിടെയാണുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്. അതിനിടെ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി ശങ്കരദാസിനെയും എൻ. വിജയകുമാറിനും കുരുക്കായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയും പുറത്തുവന്നു.
ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയത് ഇരുവരുടെയും അറിവോടെയാണെന്ന് പോറ്റി മൊഴി നൽകി. കെ. പി ശങ്കര ദാസിനെയും എൻ. വിജയകുമാറിനെയും വൈകാതെ ചോദ്യം ചെയ്യും. അറസ്റ്റിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ട്.