< Back
Kerala
സമരം ചെയ്യുന്ന ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ; ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അൽപസമയത്തിനകം
Kerala

സമരം ചെയ്യുന്ന ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ; ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അൽപസമയത്തിനകം

Web Desk
|
19 March 2025 3:11 PM IST

രണ്ട് മണിക്ക് നടന്ന എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടിരുന്നു

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് സർക്കാർ. ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അൽപസമയത്തിനകം ആരംഭിക്കും. രണ്ട് മണിക്ക് നടന്ന എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് വിളിച്ചത്. ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശമാർ. നാളെ മുതൽ നിരാഹാര സമരം തുടരുമെന്നും ആശമാർ പറഞ്ഞു.

തങ്ങളുടെ ഡിമാൻഡുകൾ ഒന്നും അംഗീകരിച്ചില്ലെന്നും പണമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചതായി നേരത്തെ ചര്‍ച്ചക്ക് ശേഷം ആശമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമയം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജീവിക്കാൻ വേണ്ട ഏറ്റവും മിനിമം ചോദിക്കുമ്പോഴാണ് ഖജനാവിൽ പണമില്ല എന്ന് പറയുന്നത്. മറ്റ് പലർക്കും ലക്ഷങ്ങൾ കൊടുക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ട് ഖജനാവിൽ പണമില്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്നും ആശമാര്‍ പറഞ്ഞു. ഓണറേറിയത്തിൻ മേലുള്ള മാനദണ്ഡങ്ങളെ പറ്റിയാണ് ചർച്ച ചെയ്തത്. ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് ആശമാര്‍ അറിയിച്ചിരുന്നു.

സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 38ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന്‍റെ മൂന്നാം ഘട്ടമായി നാളെ നിരാഹാരസമരം ആരംഭിക്കുമെന്നും, സമരവേദിയിൽ 3 ആശമാർ നിരാഹാരമിരിക്കുമെന്നും ആശമാര്‍ അറിയിച്ചിരുന്നു.

അതിനിടെ ഓണറേറിയത്തിൻ്റെ 10 മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ ഗുരുതരമായ പിഴവുണ്ടെന്ന് ആരോപിച്ച് ആശമാർ ഇന്നലെ രംഗത്തെത്തിയിരുന്നു.

Similar Posts