
കെടിഡിസി ഹോട്ടലിലെ നവീകരണത്തിൽ വീഴ്ച; ഗുരുതര കുറ്റം ചുമത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി ലഘൂകരിച്ച് സർക്കാർ
|ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ 2. 86 കോടിയുടെ നഷ്ടമുണ്ടായി എന്നായിരുന്നു വിജിലൻസ് കണ്ടെത്തിയത്
തിരുവനന്തപുരം: കെടിഡിസി കീഴിലുള്ള ഹോട്ടൽ ചൈത്രത്തിലെ നവീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ കുറ്റക്കാരായവർക്കെതിരായ നടപടി ലഘൂകരിക്കാൻ സർക്കാർ തീരുമാനം. വീഴ്ച വരുത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും എതിരായ നടപടി താക്കീതിൽ ഒതുക്കി സർക്കാർ ഉത്തരവിറക്കി.
ഹോട്ടൽ ചൈത്രത്തിലെ 52 മുറികളുടെ നവീകരണത്തിൽ കെ ടി ഡി സി നിയോഗിച്ച സമിതിയും വിജിലൻസും അപാകതകൾ കണ്ടെത്തിയിരുന്നു. കെട്ടിടത്തിൽ വ്യാപകമായ ചോർച്ചയും ടോയ്‌ലറ്റ് സംവിധാനത്തിൽ തകരാറുകളും സംഭവിച്ചുവെന്നായിരുന്നു പ്രധാന കണ്ടെത്തൽ. ഇതിന് കാരണം കൃത്യമായ മേൽനോട്ടമില്ലാത്തതാണെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. പിഡബ്ല്യുഡി മാനുവൽ ലംഘിച്ചുവെന്നും കണ്ടെത്തി. തുടർന്ന്എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷീബ എസ്. കല്ലുവെട്ടം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത കെ എന്നിവർക്കെതിരായ കടുത്ത ശിക്ഷയ്ക്കുള്ള അച്ചടക്ക നടപടിക്കും നിർദ്ദേശിക്കപ്പെട്ടു.
എന്നാൽ എഞ്ചിനീയറിങ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവും അപാകതകൾ കരാറുകാരൻ സ്വന്തം നിലയിൽ പരിഹരിച്ചതും ചൂണ്ടിക്കാട്ടി സർക്കാർ നടപടി താക്കീതാക്കി മാറ്റി. നവീകരണ പ്രവർത്തികൾ നീണ്ടുപോയതു മൂലം 2 കോടി 86 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായ റിപ്പോർട്ട് നിലനിൽക്കുകയാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി സർക്കാർ മയപ്പെടുത്തിയത്.
വീഡിയോ സ്റ്റോറി കാണാം...