< Back
Kerala
Government is deliberately devaluing the rupee Says Sabu M Jacob
Kerala

രൂപയുടെ മൂല്യം വ്യവസായികൾക്ക് വേണ്ടി സർക്കാർ അറിഞ്ഞുകൊണ്ട് കുറയ്ക്കുന്നത്: സാബു എം. ജേക്കബ്

ഷിയാസ് ബിന്‍ ഫരീദ്
|
5 Feb 2026 6:43 PM IST

പരോക്ഷമായി വ്യവസായികളെ സംരക്ഷിക്കുന്ന നയമാണിത്. അതിലെന്താണ് തെറ്റെന്നും ട്വന്റി-20 പ്രസിഡ‍ന്റ് ചോദിച്ചു.

കൊച്ചി: രൂപയുടെ മൂല്യം വ്യവസായികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ അറിഞ്ഞുകൊണ്ട് കുറയ്ക്കുന്നതാണെന്ന് ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ്. അമേരിക്കയ്ക്ക് മുന്നിൽ മുട്ടുമടക്കുന്നതിന് പകരം സർക്കാർ അറിഞ്ഞുകൊണ്ട് കുറയ്ക്കുന്നതാണിതെന്നും ഇവിടുത്തെ വ്യവസായികളെ സംരക്ഷിക്കാനെടുത്ത നിലപാടാണെന്നും സാബു എം ജേക്കബ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പരാമർശം.

പുതിയ തീരുമാനം വന്നയുടൻ രൂപയുടെ മൂല്യം രണ്ട് രൂപ കൂടി. ഇത് പരോക്ഷമായി സർക്കാരെടുത്താരു നിലപാടാണ്. ഈ നിലപാട് ചൈനയും കംബോഡിയയും വിയറ്റ്‌നാമും അടക്കം എല്ലാ രാജ്യങ്ങളുമെടുത്തിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അവരുടെ രാജ്യത്തുനിന്ന് രൂപയുടെ വില കുറയ്ക്കാൻ അനുവദിച്ച് പരോക്ഷമായി വ്യവസായികളെ സംരക്ഷിക്കുന്ന നയമാണിത്. അതിലെന്താണ് തെറ്റ്. അത് നല്ലതല്ലേയെന്നും സാബു ജേക്കബ് ചോദിച്ചു. സാബുവിന്റെ പരാമർശങ്ങൾ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തലയാട്ടി സമ്മതിക്കുകയും ചെയ്തു.

എൻഡിഎ എന്ത് കലാപമാണുണ്ടാക്കിയതെന്നും സാബു ജേക്കബ്. 12 വർഷം എൻഡിഎ ഇന്ത്യ ഭരിച്ചപ്പോൾ എന്ത് കലാപമാണുണ്ടായത്. ഇന്ത്യക്ക് ദൂഷ്യമായ എന്ത് നിലപാടാണ് സ്വീകരിച്ചത്. 12 വർഷം മുമ്പ് വിദേശത്ത് സഞ്ചരിക്കുമ്പോൾ ഇന്ത്യയെ ഒരു ദരിദ്രരാജ്യമായാണ് കരുതിയിരുന്നത്. ഇന്ത്യക്കാരൻ എന്ന് പറയുമ്പോൾ പുച്ഛത്തോടെ നോക്കിയിരുന്ന കാലമുണ്ടായിരുന്നു. തങ്ങൾ തല കുനിച്ചുനിന്നിട്ടുണ്ട്. ഇന്ന് ആ സ്ഥിതി മാറി. ഇന്ന് ഇന്ത്യക്കാരനെന്ന് പറയുമ്പോൾ മോദിജി എന്ന പേരാണ് പറയുന്നത്. ഇന്ന് ഇന്ത്യക്കാരന് അന്തസോടെ തലയുയർത്തി നിൽക്കാമെന്നും സാബു ജേക്കബ്. ട്രംപ് കഴിഞ്ഞാൽ ലോകം അറിയപ്പെടുന്ന നേതാവ് മോദിയാണെന്നും സാബു ജേക്കബ് അഭിപ്രായപ്പെട്ടു.

ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് നീങ്ങുന്നതായി കേന്ദ്ര സർക്കാർ‌ രാജ്യസഭയിൽ സമ്മതിച്ചിരുന്നു. കഴിഞ്ഞദിവസം ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രൂപയുടെ മൂല്യത്തിൽ 18.7 ശതമാനത്തിന്റെ ഇടിവുണ്ടായതായി കേന്ദ്രം വ്യക്തമാക്കിയത്. ഇന്ത്യ- യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട് മെച്ചപ്പെടുമെന്ന് തോന്നിയെങ്കിലും രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞിരുന്നു.

കഴിഞ്ഞമാസം 22നാണ് സാബു ജേക്കബിന്റെ ട്വന്റി- 20 എൻഡിഎയിൽ ചേർന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുമൊത്തുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ട്വന്റി- 20 അധ്യക്ഷൻ സാബു ജേക്കബ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഇരുവരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടു. തുടർന്നായിരുന്നു വാർത്താസമ്മേളനം.



Similar Posts