< Back
Kerala
അർജന്റീനയുടെ സൗഹൃദ മൽസരത്തിനായി സ്റ്റേഡിയം സജ്ജമാക്കണമെന്ന് സർക്കർ കത്ത്; ആശങ്കയിൽ ജിസിഡിഎ
Kerala

അർജന്റീനയുടെ സൗഹൃദ മൽസരത്തിനായി സ്റ്റേഡിയം സജ്ജമാക്കണമെന്ന് സർക്കർ കത്ത്; ആശങ്കയിൽ ജിസിഡിഎ

Web Desk
|
21 Sept 2025 7:56 AM IST

ഇത്രയധികം സുരക്ഷ പ്രശ്നങ്ങൾ ചുരുങ്ങിയ കാലയളവിൽ എങ്ങനെ മറികടക്കും എന്നതിന് ഉത്തരമില്ല

കൊച്ചി: ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ സുരക്ഷാ കാരണങ്ങൾ മൂലം തള്ളിപ്പറഞ്ഞ സ്റ്റേഡിയം. കേരള ബ്ലാസ്റ്റേഴ്സിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ലബ് ലൈസൻസ് നഷ്ടമാകാൻ പ്രധാന കാരണമായ സ്റ്റേഡിയം. ഈ സ്റ്റേഡിയത്തിൽ ലോക ജേതാക്കളായ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കളിക്കുമെന്നാണ് കായിക വകുപ്പ് പറയുന്നത്. 2023 ഒക്ടോബറിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എത്തി മത്സരം വീക്ഷിച്ച ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി വിൻസ്ഡർ ജോൺ സുരക്ഷ ഒട്ടും തൃപ്തികരമല്ല എന്ന് പറഞ്ഞിരുന്നു.സ്റ്റേഡിയത്തിൽ റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സര ദിവസങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടുകയാണ് നിലവിൽ പതിവ്. 2023ൽ പിഡബ്ല്യുഡി, പൊലീസ്, ഫയർഫോഴ്സ്, ജിസിഡിഎ, നഗരസഭ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മേൽക്കൂരക്കും ബീമുകൾക്കും ഉൾപ്പെടെ കേടുപാടുകൾ കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഡിയത്തിൽ 30000 കാണികളെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്ന് തീരുമാനമായത്. സ്റ്റേഡിയത്തിന് താഴെ ഗ്യാസ് സിലിണ്ടറുകൾ അടക്കം ഉപയോഗിക്കുന്ന റസ്റ്റോറന്റ്കൾ ഉള്ളത് ചട്ടലംഘനം ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് ലൈസൻസ് അപേക്ഷ രണ്ടുതവണ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളുകയും ചെയ്തു.

ഐഎസ്എൽ മത്സരങ്ങൾക്കിടെ കാണികൾക്കിടയിലേക്ക് സിമന്റ് പാളികൾ ഇളകി വീണതും, കാണികൾ ആർപ്പുവിളിക്കുമ്പോൾ സ്റ്റേഡിയം കുലുങ്ങുന്നതും ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റേഡിയത്തിലെ ചെറുതും വലുതുമായ വിള്ളലുകളും പലയിടത്തും ഭിത്തിയിൽ വളരുന്ന ചെടികളും നീക്കം ചെയ്യേണ്ടി വരും. താരങ്ങളും കാണികളും ഒരേ വഴിയിലൂടെ പ്രവേശിക്കുന്നതും ഫിഫ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് എതിരാണ് . സുരക്ഷാകാരണങ്ങളെ മുൻനിർത്തി അണ്ടർ 17 ലോകകപ്പിൽ 22,000 കാണികളെ മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാവൂ എന്ന് നിർദ്ദേശം നൽകിയിരുന്നു. എത്രയും വേഗം സ്റ്റേഡിയം അന്താരാഷ്ട്ര സൗഹൃദമത്സരത്തിന് സജ്ജമാക്കണം എന്നാണ് ജിസിഡിഎക്ക് കായിക വകുപ്പ് വകുപ്പ് കത്ത് നൽകിയിരിക്കുന്നത്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ആകുമോ എന്ന ആശങ്കയിലാണ് ജിസിഡിഎ

Similar Posts