< Back
Kerala
Pinarayi Vijayan
Kerala

ഉദ്യോ​ഗസ്ഥരുടെ ശ്രേണിയിൽ സെക്രട്ടറിക്ക് താഴെയായി എക്സ് ഒഫീഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ്

Web Desk
|
13 Jun 2025 10:57 PM IST

വിരമിച്ച ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിനെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരുടെ ശ്രേണിയിൽ സെക്രട്ടറിക്ക് താഴെയായി എക്‌സ് ഒഫിഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തി. ഇതിനായി റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥനായ കെ.എം എബ്രഹാമിനെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. കെ എം എബ്രഹാം എക്സ് ഒഫിഷ്യോ പദവിയിലിരുന്ന് നടത്തിയ നിയമനങ്ങൾ ചട്ടവിരുദ്ധമാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് റിപോർട്ട് നൽകിയിരുന്നു.

തോമസ് ഐസക്കിനെ വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായി കെ.എം എബ്രഹാം നിയമിച്ചത് എക്‌സ് ഒഫിഷ്യോ സെക്രട്ടറി എന്ന പേരിൽ നിയമപരമായി നിലവിൽ ഇല്ലാത്ത പദവിയിൽ ഇരുന്നാണെന്നും ആരോപണം ഉയർന്നിരുന്നു. ഈ മാസം 17-ന് ഹൈക്കോടതി ഹരജി വീണ്ടും പരിഗണിക്കും. സെക്രട്ടറിക്ക് താഴെ എക്സ് ഓഫീഷ്യോ സെക്രട്ടറിയെ ഉൾപ്പെടുത്തുന്നതിനുള്ള സർക്കാരിന്റെ ശിപാർശ കഴിഞ്ഞ ദിവസം ഗവർണർ അംഗീകരിച്ചു. ഈ തസ്തികയിൽ സർക്കാരിന് പുറത്തുള്ളവരെയും വിരമിച്ച ഉദ്യോഗസ്ഥരെയുമൊക്കെ നിയമിക്കാനാവും. ഭരണചട്ടത്തിലെ 12-ാം ചട്ടം ഭേദഗതി ചെയ്തത്. ഇതോടെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്ക് നിയമപരിരക്ഷയാവും.



Similar Posts