
ആന്റണി രാജുവിനെ സംരക്ഷിച്ചത് സർക്കാർ; വെള്ളാപ്പള്ളിക്ക് ആരും മൂക്കുകയർ ഇടരുത്: വി.ഡി സതീശൻ
|'വെള്ളാപ്പള്ളിയെ ഇനിയും ഇതുപോലെ പിണറായി വിജയൻ സംരക്ഷിക്കണം'.
ഇടുക്കി: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെ സംരക്ഷിച്ചത് സർക്കാർ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തെറ്റുകാരൻ ആണെന്നറിഞ്ഞാണ് മന്ത്രിയാക്കിയത്. ആന്റണി രാജുവിന് എംഎൽഎ സ്ഥാനത്ത് തുടരാനുള്ള യോഗ്യത നഷ്ടമായെന്നും വി.ഡി സതീശൻ പറഞ്ഞു.
ലഹരിമരുന്ന് കൊണ്ടുവന്ന പ്രതിയെയാണ് തൊണ്ടിമുതലായ അടിവസ്ത്രം ചെറുതാക്കി ആന്റണി രാജു രക്ഷിച്ചത്. ഇതറിഞ്ഞാണ് അയാളെ പിണറായി വിജയൻ രണ്ടര വർഷം മന്ത്രിയാണ്. ഇതിനെതിരെ നിയമസഭയിൽ താൻ ശക്തമായ നിലപാടെടുത്തതാണ്. വലിയ ഇന്റലിജൻസ് സംവിധാനമുണ്ടായിട്ടാണ് ഇത്തരമൊരാളെ മന്ത്രിയാക്കിയത്.
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചതോടെ പ്രതിയെ കോടതി വെറുതെവിടുകയും ചെയ്തിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിലും സിപിഎം നേതാക്കളായ പ്രതികൾക്ക് കുടപിടിക്കുകയും സംരക്ഷിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ഇവിടെ ടീം യുഡിഎഫ് ആണെങ്കിൽ അപ്പുറത്ത് ശിഥിലമായ എൽഡിഎഫാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് ആരും മൂക്കുകയർ ഇടരുതെന്നും സതീശൻ വ്യക്തമാക്കി. ഇനിയും ഇതുപോലെ പിണറായി വിജയൻ സംരക്ഷിക്കണം. തെരഞ്ഞെടുപ്പ് വരെ വെള്ളാപ്പള്ളി എല്ലാ ദിവസവും ഇതുപോലെ പറഞ്ഞുകൊണ്ടിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.