< Back
Kerala
ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവൻ;  ഗവർണറുടെ അധികാരപരിധി ഉൾപ്പെടുത്തിയ  പാഠപുസ്തകം പുറത്തിറക്കി സർക്കാർ
Kerala

'ഗവർണർ സംസ്ഥാനത്തിന്റെ നാമമാത്ര തലവൻ'; ഗവർണറുടെ അധികാരപരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി സർക്കാർ

Web Desk
|
24 Sept 2025 8:06 AM IST

യഥാർത്ഥ കാര്യനിർവഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെന്നും പാഠഭാഗം വിശദീകരിക്കുന്നു

തിരുവനന്തപുരം: ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി സർക്കാർ. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തിലാണ് പാഠഭാഗം ഉൾപ്പെടുത്തിയത്.''ജനാധിപത്യം; ഒരു ഇന്ത്യൻ അനുഭവം" എന്ന പാഠഭാഗത്തിലാണ് ഗവർണറുടെ അധികാര പരിധി വിശദീകരിക്കുന്നത്. ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവൻ എന്ന് പാഠഭാഗത്തിൽ പറയുന്നു.

യഥാർത്ഥ കാര്യനിർവഹണ അധികാരം നിക്ഷിപ്തമായിരിക്കുന്നത് മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെന്നും പാഠഭാഗം വിശദീകരിക്കുന്നു. ഗവർണർ അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരം തുടങ്ങിയ വിവരങ്ങളാണ് പാഠഭാഗത്തിലുള്ളത്. ഗവർണർമാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ നിയന്ത്രിക്കുന്ന അധികാരികളല്ല, ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ലെന്നും പാഠഭാഗത്തിൽ പറയുന്നു.

1983 ൽ കേന്ദ്രസർക്കാർ നിയോഗിച്ച സർക്കാരിയ കമ്മീഷൻ സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശിപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കമ്മീഷന്റെ റിപ്പോർട്ട് പൂർണ്ണമായി നടപ്പിലാക്കിയിട്ടില്ല. കേന്ദ്രസർക്കാരുകൾ ഗവർണർമാർ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളിൽ ഇടപെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നു. ഗവർണറുടെ നിയമനിർമ്മാണ, കാര്യ നിർവഹണ, നീതിന്യായ, വിവേചന അധികാരങ്ങളും പാഠഭാഗത്തിലെ 4 പേജുകളിൽ വിശദമായി പറയുന്നു. അച്ചടി പൂർത്തിയാക്കി സ്കൂളുകളിൽ എത്തിയ പാഠപുസ്തകം വരും ദിവസങ്ങളിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യും.


Similar Posts