
സമരം ചെയ്യുന്ന അങ്കണവാടി ജീവനക്കാർക്ക് ഓണറേറിയം നൽകേണ്ടെന്ന് സർക്കാർ: സമരം തുടർന്നാൽ നടപടികളെടുക്കാനും നിർദേശം
|ആശാ വർക്കർമാർക്ക് പിന്നാലെയാണ് വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്
തിരുവനന്തപുരം: സമരം ചെയ്യുന്ന അങ്കണവാടി വർക്കേഴ്സിന് ഓണറേറിയം നൽകേണ്ടെന്ന് വനിതാ ശിശു വികസന ഡയറക്ടർ.
അനിശ്ചിതകാല സമരം തുടർന്നാൽ മറ്റ് നടപടികൾ എടുക്കാനും നിർദേശമുണ്ട്. ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. ഓണറേറിയം കൂട്ടണം, ക്ഷേമനിധി കുടിശ്ശിക അടക്കം ഉടൻ നൽകണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെയാണ് സമരം ആരംഭിച്ചത്.
ആശാ വർക്കർമാർക്ക് പിന്നാലെയാണ് വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തുന്ന സമരത്തെ തുടർന്ന് ഇന്നലെ അങ്കണവാടികളുടെ പ്രവർത്തനം പലയിടത്തും തടസ്സപ്പെട്ടു.
അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഉത്സവ ബത്ത 5000 രൂപയാക്കുക, ഇഎസ്ഐ ആനുകൂല്യം നടപ്പാക്കുക, റിട്ടയർമെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് രാപകൽ സമരം.
Watch Video Report