
സാങ്കേതിക സർവകലാശാലയിൽ സിൻഡിക്കേറ്റിനൊപ്പം സർക്കാർ; വിസി റദ്ദാക്കിയ സിൻഡിക്കേറ്റ് ശിപാർശ സർക്കാർ അംഗീകരിച്ചു
|രജിസ്ട്രാറുടെയും പരീക്ഷ കൺട്രോളറുടെയും കാലാവധി നീട്ടാൻ സർക്കാർ രജിസ്ട്രാർക്ക് കത്ത് നൽകി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസിലർ റദ്ദാക്കിയ സിൻഡിക്കേറ്റ് ശിപാർശ അംഗീകരിച്ച് സർക്കാർ. സിൻഡിക്കേറ്റ് ശിപാർശ പ്രകാരം രജിസ്ട്രാരുടെയും പരീക്ഷകൺട്രോളറുടെയും കാലാവധി നീട്ടാൻ സർക്കാർ രജിസ്ട്രാർക്ക് കത്ത് നൽകി. അനധികൃത യോഗത്തിൽ എടുത്ത തീരുമാനം എന്ന് കാട്ടി വിസി ഈ ശിപാർശകൾ നേരത്തെ റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ജനുവരി 16ന് ചേർന്ന സിൻഡിക്കേറ്റ് യോഗം മുതൽ സാങ്കേതിക സർവകലാശാലയിൽ തർക്കങ്ങളായിരുന്നു. അനധികൃത യോഗമായതിനാൽ റദ്ദാക്കി എന്ന് വിസിയും അങ്ങനെ റദ്ദാക്കാൻ നിയമപ്രകാരം കഴിയില്ല എന്ന് സിൻഡിക്കേറ്റും വാദിച്ചു. പിന്നാലെ സിൻഡിക്കേറ്റിനെ മറികടന്ന് യോഗ തീരുമാനങ്ങൾ റദ്ദാക്കി വൈസ് ചാൻസിലർ ഉത്തരവിറക്കി. ഇതോടെ രജിസ്ട്രാറുടെയും പരീക്ഷ കൺട്രോളറുടെയും കാലാവധി നീട്ടുന്നതടക്കം അന്നെടുത്ത പല പ്രധാന തീരുമാനങ്ങളും റദ്ദാക്കപ്പെട്ടു.
പ്രതിസന്ധി ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞതോടെ സ്വന്തം നിലയ്ക്ക് കൺട്രോളറുടെ കാലാവധി നീട്ടാൻ വൈസ് ചാൻസലർ സർക്കാരിന് കത്തയച്ചെങ്കിലും അത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തള്ളി. അതുകൊണ്ട് താത്കാലികമായി ഒരാൾക്ക് പരീക്ഷ കൺട്രോളറുടെ ചുമതല നൽകിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോയിരുന്നത്.
ഇപ്പോൾ വൈസ് ചാൻസലറുടെ തീരുമാനം മറികടന്ന് സിൻഡിക്കേറ്റിന് അനുകൂലമായി സർവകലാശാലയ്ക്ക് കത്ത് നൽകിയിരിക്കുകയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. പരീക്ഷ കൺട്രോളർ ആയിരുന്ന ഡോ. അനന്തരശ്മിക്കും രജിസ്ട്രാറായ ഡോ. പ്രവീണിനും കാലാവധി നീട്ടി നൽകാം എന്നതാണ് കത്തിൻ്റെ ഉള്ളടക്കം. പതിനാറാം തീയതി ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനപ്രകാരമുള്ള ശിപാർശ സർക്കാർ അംഗീകരിക്കുന്നു എന്നും ഇത് ഉപകാരം ഉള്ള തുടർനടപടി സ്വീകരിക്കണമെന്നും കത്തിൽ പറഞ്ഞു.