< Back
Kerala
മുനമ്പത്ത് സർക്കാരിന്റെ ഇടപെടൽ; താമസക്കാരെ കരമടക്കാൻ അനുവദിക്കുമെന്ന് ഹൈ​ക്കോടതിയെ അറിയിക്കും
Kerala

മുനമ്പത്ത് സർക്കാരിന്റെ ഇടപെടൽ; താമസക്കാരെ കരമടക്കാൻ അനുവദിക്കുമെന്ന് ഹൈ​ക്കോടതിയെ അറിയിക്കും

Web Desk
|
25 Dec 2024 6:28 PM IST

സർക്കാരിന്റേത് കാപട്യമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലെ പട്ടിണി സമരത്തിൽ പ്രതിരോധത്തിലായതോടെ മുനമ്പത്ത് സർക്കാരിന്റെ ഇടപെടൽ. താമസക്കാരെ കരമടക്കാൻ അനുവദിക്കുമെന്ന് സർക്കാർ ഹൈ​ക്കോടതിയെ അറിയിക്കും.

ഒരാളെയും കുടിയൊഴിപ്പിക്കില്ലെന്നതിന്റെ തെളിവാണ് സർക്കാർ തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, ഉടമസ്ഥാവകാശമാണ് മുനമ്പം നിവാസികൾക്ക് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.

നികുതിയടക്കാനുള്ള അവകാശത്തിനല്ല മുനമ്പം സമരമെന്ന് വി.ഡി സതീശൻ പറഞ്ഞു. ഭൂമിയിലുള്ള അവകാശം ഉറപ്പാക്കാനുള്ള നടപടിയാണ് വേണ്ടത്. സർക്കാർ മുമ്പ് കൊടുത്ത രണ്ട് സത്യവാങ്മൂലങ്ങളിലെ പിഴവ് തിരുത്തിയാലെ മുനമ്പം നിവാസികൾക്ക് നീതി കിട്ടൂ.

കരമടയ്ക്കാനുള്ള സർക്കാരിന്റെ സത്യവാങ്മൂലത്തിൽ അപാകതകൾ ഉണ്ടാകരുത്. ഹൈക്കോടതിയിൽനിന്ന് തിരിച്ചടി നേരിട്ട് രണ്ടു വർഷമായിട്ടും സർക്കാർ ഒന്നും ചെയ്തില്ല . ഇപ്പോൾ സത്യവാങ്മൂലം നൽകുമെന്ന് പറയുന്നത് കാപട്യമാണ്.

സർക്കാർ ഉത്തരവിലെ അപാകതയാണ് ഡിവിഷൻ ബെഞ്ചിൽനിന്ന് തിരിച്ചടി നേരിടാൻ കാരണം. സംഘപരിവാറിന്റെ അജണ്ടയ്ക്ക് സർക്കാർ കുടപിടിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

Similar Posts