< Back
Kerala
മുഖ്യമന്ത്രി- ഗവർണർ പോര് നാടകം; പ്രതിപക്ഷം പങ്കാളിയാകാനില്ലെന്ന് വിഡി സതീശൻ
Kerala

മുഖ്യമന്ത്രി- ഗവർണർ പോര് നാടകം; പ്രതിപക്ഷം പങ്കാളിയാകാനില്ലെന്ന് വിഡി സതീശൻ

Web Desk
|
17 Sept 2022 3:50 PM IST

സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരത്തെ ഗവർണർ കൂട്ടുനിന്നിരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള തർക്കത്തിൽ പങ്കാളിയാകാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേരത്തെ ഗവർണർ കൂട്ടുനിന്നിരുന്നു. അന്ന് ഇവർ തമ്മിൽ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇപ്പോൾ നടക്കുന്ന വാക്പോര് നാടകമാണെന്നും വിഡി സതീശൻ പറഞ്ഞു.

വിഷയത്തിൽ കേന്ദ്ര ഇടപെടൽ തേടി നേരത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തിയിരുന്നു. തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. നാടിന്‍റെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോര്. വധഭീഷണിയുണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

മാധ്യമങ്ങളോട് ഗവർണര്‍ നിരന്തരം പ്രതികരിക്കുന്നതിനെതിരെയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ തന്‍റെ കത്തിനും ഫോൺ വിളിക്കും മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളോട് മാത്രം സംസാരിക്കുന്നു എന്നായിരുന്നു ഗവർണറുടെ കുറ്റപ്പെടുത്തൽ. സർവകലാശാലകളിൽ ഇടപെടില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി അയച്ച കത്തുകൾ മറ്റന്നാൾ തലസ്ഥാനത്ത് പുറത്തുവിടുമെന്നും ഗവർണർ ഭീഷണിപ്പെടുത്തിയിരുന്നു.

Similar Posts