< Back
Kerala
The Chief Minister is not allowing the police to function freely; Governor Arif Mohammad Khan criticizes Pinarayi Vijayan,ആരിഫ് മുഹമ്മദ് ഖാന്‍, പിണറായി വിജയന്‍
Kerala

ഗവർണർ-സർക്കാർ പോര് പുതിയ തലത്തിലേക്ക്; ഗവർണർ ഇടുക്കി സന്ദർശിക്കുന്ന ദിവസം ഹർത്താൽ

Web Desk
|
7 Jan 2024 7:12 AM IST

ഗവർണറുടെ ഭരണഘടന വിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന സൂചനയാണ് ഹർത്താലും രാജ് ഭവന്‍ മാർച്ചും വഴി ഇടത് മുന്നണിയും സി.പി.എമ്മും നല്‍കുന്നത്

തിരുവനന്തപുരം: ഗവർണർ സർക്കാർ പോര് പുതിയ തലത്തിലേക്ക്. ഗവർണർ ഇടുക്കി സന്ദർശിക്കുന്ന ദിവസം തന്നെ അവിടെ ഹർത്താലും, തലസ്ഥാനത്ത് രാജ് ഭവന്‍ മാർച്ചും തീരുമാനിച്ച ഇടത് മുന്നണി വിട്ട് വീഴ്ചക്കില്ലെന്ന പ്രഖ്യാപനമാണ് നടത്തുന്നത്. എന്നാല്‍ ഇടുക്കിയുമായി ബന്ധപ്പെട്ട സമരം തിരുവനന്തപുരത്ത് നടക്കാനിരിക്കെ അന്നേദിവസം അതേ ജില്ലയില്‍ എത്താനുള്ള തീരുമാനം വഴി താനും പിന്നോട്ടില്ലെന്ന സന്ദേശമാണ് ഗവർണർ സി.പി.എമ്മിന് നല്‍കുന്നത്.

ഗവർണറും സർക്കാരും തമ്മിലുള്ള പോരിന് യാതൊരു അയവും വന്നിട്ടില്ലെന്ന് മാത്രമല്ല, ഓരോ ദിവസവും കഴിയന്തോറും അത് രൂക്ഷമായി വരികയാണ്. ഗവർണക്കെതിരായ പ്രതിഷേധത്തിന് ഇടത് മുന്നണി നേരിട്ട് ഇറങ്ങുന്നില്ലെങ്കിലും വർഗബഹുജന സംഘടനകളും വിദ്യാർഥി സംഘടനകളും എല്ലാം സമരത്തിന്‍റെ മുന്‍ നിരയിലുണ്ട്. ഗവർണക്കെതിരായ എസ്.എഫ്ഐ പ്രതിഷേധം സി.പി.എം നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്. ഗവർണർ പോകുന്ന വഴികളിലെല്ലാം എസ്.എഫ്.ഐയുടെ പ്രതിഷേധം കാണാം.

ഇതിനെതിരെ ഗവർണറുടെ കോപം കാണുന്നുണ്ടെങ്കിലും പിന്നോട്ട് പോകേണ്ടെന്നാണ് എസ് എഫ് ഐ തീരുമാനം. ഇതിന് പിന്നാലെയാണ് കർഷക സംഘത്തിന്‍റെ രാജ് ഭവന്‍ മാർച്ച് ചൊവ്വാഴ്ച നടക്കുന്നത്. ഇടുക്കിയിലെ കർഷകരെ ലക്ഷ്യം വച്ചാണ് ഭൂ നിയമ ഭേദഗതി നിയമസഭ ബില്‍ പാസ്സാക്കി ഗവർണർക്ക് അയച്ചത്. എന്നാല്‍ അതില്‍ ഒപ്പിടാന്‍ തയ്യാറാകാതിരുന്ന ഗവർണർക്കെതിരെ കടുത്ത പ്രക്ഷോഭമുയർത്തി രാജ്ഭവന്‍ മാർച്ച് നടത്താനാണ് സിപിഎം തീരുമാനിച്ചത്.

ഈ മാസം ഒമ്പതിനാണ് 10000 ത്തോളം കർഷകരെ അണി നിരത്തി കർഷകസംഘം രാജ് ഭവന്‍ മാർച്ച് തീരുമാനിച്ചത്. ഇതേ ദിവസം ഗവർണറെ ഇടുക്കിയില്‍ ഒരു പരിപാടിക്ക് വ്യാപാരി വ്യവസായികള്‍ ക്ഷണിച്ചു. ആദ്യം മൗനം പാലിച്ചിരുന്ന ഗവർണർ ഈ മാസം രണ്ടിന് ഇതില്‍ പങ്കെടുക്കാനുള്ള സമ്മതം അറിയിച്ചു. ഇതോടെയാണ് അന്നേദിവസം ഇടുക്കിയില്‍ ഹർത്താല്‍ നടത്താന്‍ സിപിഎം അനുമതിയോടെ ഇടത് മുന്നണി തീരുമാനിച്ചത്.

ഗവർണറുടെ ഭരണഘടന വിരുദ്ധ നടപടികള്‍ക്കെതിരായ പ്രതിഷേധം തുടരുമെന്ന സൂചനയാണ് ഹർത്താലും രാജ് ഭവന്‍ മാർച്ചും വഴി ഇടത് മുന്നണിയും സി.പി.എമ്മും നല്‍കുന്നത്. അതേദിവസം ഇടുക്കിയിലെത്തുന്ന ഗവർണർ താനും പിന്നോട്ടില്ലെന്ന സന്ദേശം സർക്കാരിനും മുന്നണിക്കും നല്‍കുന്നുമുണ്ട്.


Similar Posts