< Back
Kerala
പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിലേക്ക്
Kerala

പി.സി ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിലേക്ക്

Web Desk
|
5 May 2022 11:11 AM IST

ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും ഇന്ന് ഹരജി നൽകും.

എറണാകുളം: വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന് ജാമ്യം ലഭിച്ചതിനെതിരെ ഹരജികളുമായി സര്‍ക്കാര്‍. ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഇന്ന് ഹരജി നൽകും. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പി.സി ജോര്‍ജ് വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

പി.സി ജോർജിന്‍റെ വിദ്വേഷ പ്രസംഗത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകാൻ പൊലിസിന് സർക്കാറിന്‍റെ നിർദേശമുണ്ടായിരുന്നു. വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തെങ്കിലും കോടതി ജാമ്യം നൽകിയത് സർക്കാറിന് തിരിച്ചടിയായിരുന്നു. എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടും ജാമ്യം കിട്ടിയതിനെ പൊലിസ് ഗൗരവമായാണ് കാണുന്നത്.

അതേസമയം, പി.സി ജോര്‍ജിന്‍റെ അറസ്റ്റിനുള്ള കാരണം ബോധ്യപ്പെടുത്താന്‍ പെലീസിനായില്ലെന്നും പ്രസ്തുത കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വിമര്‍ശിച്ചു. പി.സി ജോര്‍ജിനെതിരെ ചുമത്തിയത് പ്രോസിക്യൂഷനെ കേൾക്കാതെ ജാമ്യം നൽകാവുന്ന കുറ്റമാണ്. പി.സി ജോർജിന് ക്രിമിനൽ പശ്ചാത്തലമില്ല, അതുകൊണ്ട് ജുഡീഷ്യൽ കസ്റ്റഡിയിൽവെക്കേണ്ട കാര്യമില്ലെന്നും മുൻ എം.എൽ.എ ഒളിവിൽ പോകുമെന്ന് കരുതുന്നില്ലെന്നുമാണ് ജാമ്യ ുത്തരവില്‍ കോടതി വ്യക്തമാക്കുന്നത്. അറസ്റ്റിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ മൂന്നാംദിനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു പി.സി ജോർജിന്‍റെ വിവാദ പ്രസംഗം. മുസ്‍ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‍ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു.

Similar Posts