< Back
Kerala
ഒടുവില്‍ സസ്പെന്‍ഷന്‍;  പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സർക്കാർ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു
Kerala

ഒടുവില്‍ സസ്പെന്‍ഷന്‍; പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സർക്കാർ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

Web Desk
|
8 Feb 2024 8:54 AM IST

കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും ജോസ്റ്റിൻ ഫ്രാൻസിസ് സർവീസിൽ തുടരുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി

വയനാട്: ചികിത്സക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മാനന്തവാടി മെഡിക്കൽ കോളജിലെ മാനസികാരോഗ്യ വിദഗ്ധന് സസ്പെൻഷൻ. ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കുറ്റവാളിയാണെന്ന് കണ്ടെത്തിയിട്ടും ജോസ്റ്റിൻ ഫ്രാൻസിസ് സർവീസിൽ തുടരുന്നവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി.

ഇതോടെ ക്യാമ്പ് ചുമതലയിൽ നിന്ന് മാറ്റി ഡി.എം.ഒ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകി.ഇതിനു പിന്നാലെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള വകുപ്പ് നടപടി.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ പെൺകുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി സർവീസിൽ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ്.എസ്.എല്‍.സി വിദ്യാർഥികളുടെ എൽ.ഡി സ്ക്രീനിങ് ക്യാമ്പിന് നേതൃത്വം നൽകുന്നതും മീഡിയവൺ പുറത്തെത്തിച്ചതോടെയാണ് ഇയാളെ മാറ്റി ഡി.എം.ഒ വിദ്യഭ്യാസ വകുപ്പിന് ഉത്തരവ് നൽകിയത്. വാർത്ത പുറത്തുവന്നതോടെ വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു.

വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ്, കെ.ജി.എം.എ മുൻ ജില്ലാ പ്രസിഡണ്ടാണ്. ഭരണാനുകൂല സംഘടനകളുടെ വഴിവിട്ട പിന്തുണയാണ് അനർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ പ്രതിക്ക് തുണയാകുന്നതെന്നാണ് ആരോപണം. വിധിക്കെതിരെ അപ്പീൽ നൽകാൻ പ്രതിക്ക് ഒരു മാസം സമയം അനുവദിച്ച കോടതി ഉത്തരവിന്റെ സാങ്കേതികത്വം മറയാക്കിയാണ് അധികൃതർ പ്രതിയെ സർവീസിൽ തുടരാൻ അനുവദിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.


Similar Posts