< Back
Kerala
താമരശേരിയിൽ കൊല്ലപ്പെട്ട ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തി; ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ
Kerala

താമരശേരിയിൽ കൊല്ലപ്പെട്ട ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തി; ഗ്രേഡ് എസ് ഐയ്ക്ക് സസ്പെൻഷൻ

Web Desk
|
22 March 2025 5:26 PM IST

ഷിബിലയുടെ കൊലപാതകത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: താമരശ്ശേരിയിലെ ഷിബിലയുടെ കൊലപാതകത്തിൽ ഗ്രേഡ് എസ് ഐ നൗഷാദിന് സസ്പെൻഷൻ. ഷിബില നൽകിയ പരാതി ഗൗരവമായി എടുത്ത് അന്വേഷിച്ചില്ലെന്ന് കാണിച്ചാണ് നടപടി. യാസിറിനെതിരെ പരാതി നൽകിയ ശേഷം നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറ്ഹമാന്‍ ആരോപണമുന്നയിച്ചിരുന്നു. പോലീസിനെതിരെ മനുഷ്വാവകാശ കമ്മീഷനും കേസെടുത്തു.

യാസിറിനെതിരെ പരാതി നൽകിയ ശേഷം, നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ മീഡിയ വണ്ണിനോട് പറഞ്ഞിരുന്നു. യാസിർ ഷിബിലയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു. ഫെബ്രുവരി 28ന് യാസിറിൻറെ ലഹരി ഉപയോഗം ചൂണ്ടികാട്ടി ഷിബില പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാനോ മറ്റു നടപടികൾക്കോ പോലീസ് തയ്യാറായില്ല. സ്റ്റേഷനിൽ നിരന്തരം വിളിച്ചെങ്കിലും ഇരുവീട്ടുകാരെയും വിളിച്ച് അനുനയ നീക്കത്തിന് മാത്രമാണ് പൊലീസ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു.

ഇതേ തുടർന്ന് വകുപ്പ് തലത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗ്രേഡ് എസ് ഐ നൗഷാദിന് വീഴ്ചയുണ്ടായതായി കണ്ടെത്തി. ലഹരി ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞിട്ടും കേസെടുക്കാനോ യാസിറിൻറെ വീട് പരിശോധിക്കാനോ തയ്യാറാകാതിരുന്നത് കൃത്യവിലോപമാണെന്നാണ് കണ്ടെത്തൽ ഇതേ തുടർന്നാണ് നൗഷാദിനെ സസ്‌പെൻഡ് ചെയ്തത്.

അതേസമയം, ഷിബിലയുടെ കൊലപാതകത്തിൽ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യാസിറിനെതിരായ പരാതി അന്വേഷിക്കാത്തതിലാണ് കേസെടുത്തത്. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ റൂറൽ എസ്പിക്ക് നിർദ്ദേശം നൽകി.

Similar Posts