
'അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനത്തിന് വലിയ സ്വീകാര്യത'; മന്ത്രി എം.ബി രാജേഷ്
|വിദഗ്ധരുടെ ചോദ്യങ്ങൾ പലതും ഞെട്ടിച്ചെന്നും മന്ത്രി
തിരുവനന്തപുരം:അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തിൽ വിശദീകരണവുമായി മന്ത്രി എം.ബി രാജേഷ്. ജനപങ്കാളിത്ത പ്രക്രിയയിലൂടെയാണ് ഈ നേട്ടത്തിൽ എത്തിയത്.2021 മുതൽ ഇതുമായി ബന്ധപ്പെട്ട പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാതെയാണ് വിദഗ്ധർ സർക്കാരിനോട് ചോദ്യമുന്നയിച്ചത്.ചോദ്യങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നും എം.ബി രാജേഷ് ആരോപിച്ചു.
'അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപന നേട്ടത്തിന് വലിയ സ്വീകാര്യത ലഭിച്ചു.ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ വിഷയം ചർച്ച ചെയ്തു. ഓരോ തദ്ദേശസ്ഥാപനത്തിനും ഈ നേട്ടങ്ങൾ അവകാശപ്പെടാം. അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള മാർഗരേഖ വിശദീകരിച്ച് സർക്കാർ കൈപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജനപങ്കാളിത്തത്തിലൂടെ നടത്തിയ പ്രക്രിയയിലൂടെയാണ് ഈ നേട്ടത്തിൽ എത്തിയത്. ഏതെങ്കിലുമെരു ഡാറ്റയുടെ അടിസ്ഥാനത്തിലല്ല പ്രഖ്യാപനം. ഇത് സംബന്ധിച്ചു ധാരാളം രേഖകളും പഠനങ്ങളും ഉണ്ട്'. എം.ബി രാജേഷ് പറഞ്ഞു.
വിദഗ്ധരുടെ ചോദ്യങ്ങൾ പലതും ഞെട്ടിച്ചെന്നും വിശദമായ റിപ്പോർട്ട് നാളെ മുഖ്യമന്ത്രി അവതരിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.