< Back
Kerala
ഒരു വർഷത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു; ഷാബാ ഷെരീഫ് വധക്കേസിൽ നിർണായകമായത് മുടിയുടെ ഡിഎൻഎ പരിശോധനാഫലം
Kerala

ഒരു വർഷത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചു; ഷാബാ ഷെരീഫ് വധക്കേസിൽ നിർണായകമായത് മുടിയുടെ ഡിഎൻഎ പരിശോധനാഫലം

Web Desk
|
20 March 2025 3:19 PM IST

അഞ്ചേകാൽ ലക്ഷം രൂപ ചെലവിട്ടാണ് ഷാബാ ഷെരീഫിന്റെ മുടിയുടെ മൈറ്റോകോൺട്രിയൽ ടെസ്റ്റ്‌ പൊലീസ് നടത്തിയത്

കോഴിക്കോട്: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസിൽ നിർണായകമായത് മുടിയുടെ ഡിഎൻഎ പരിശോധനാഫലം. കൃത്യം നടന്ന് വർഷങ്ങൾ കഴിഞ്ഞതിനാൽ മൃതദേഹഭാ​ഗങ്ങൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. മൃതദേഹഭാ​ഗങ്ങൾ പുഴയിൽ തള്ളുന്നതിന് ഉപയോ​ഗിച്ചെന്ന് കണ്ടെത്തിയ കാറിൽ നിന്നും ഷാബാ ഷെരീഫിന്റെ മുടിയിഴ കണ്ടെത്തിയത് കേസിൽ നിർണായകമായി.

ഒറ്റമൂലി രഹസ്യം ലഭിക്കുന്നതിനുവേണ്ടിയാണ് ഷാബാ ഷെരീഫിനെ ഒരു വർഷത്തോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചത്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. കൊലപാതകം നടന്നു രണ്ട് വർഷങ്ങൾക്കു ശേഷമാണ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യുന്നത്. മൃതദേഹം വെട്ടിനുറുക്കി ചാലിയാറിൽ തള്ളിയതും കൃത്യം ഒന്നരവർഷങ്ങൾക്ക് ശേഷം മാത്രം പുറത്തുവന്നതും അന്വേഷണത്തിന് വെല്ലുവിളികൾ സൃഷ്ടിച്ചിരുന്നു.

കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്നാണ് മഞ്ചേരി അഡീഷണൽ ജില്ലാ കോടതി വിധിച്ചത്. ഒന്നാം പ്രതി ഷൈബിൻ അഷ്റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ,ആറാം പ്രതി നിഷാദ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഒമ്പത് പ്രതികളെ കോടതി വെറുതെവിട്ടു. കേസിൽ ശനിയാഴ്ച ശിക്ഷ വിധിക്കും.

ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോര്‍ത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. 2019 ഓഗസ്റ്റിൽ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്ന നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ ഒന്നരവർഷത്തോളം ഷൈബിന്റെ മുക്കട്ടയിലെ വീട്ടിൽ തടവിലാക്കിയശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.

ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും ഷാബാ ഷെരീഫിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിലധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. ഒറ്റമൂലി രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും അടഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ചെറിയ തെളിവുകൾ ഷൈബിന്റെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. എങ്കിലും മൃതദേഹം തള്ളിയതായി പ്രതികൾ മൊഴിനൽകിയ ചാലിയാർ പുഴയിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഷൈബിൻ ഉപയോഗിച്ച കാറിൽനിന്നു ലഭിച്ച മുടി ഷാബാ ഷെരീഫിന്റേതാണെന്ന ഡിഎൻഎ പരിശോധനാഫലമാണ് കേസിൽ നിർണായകമായത്. അഞ്ചേകാൽ ലക്ഷം രൂപ ചെലവിട്ടാണ് കേസിൽ നിർണായകമായ ഷാബാ ഷെരീഫിന്റെ മുടിയുടെ മൈറ്റോകോൺട്രിയൽ ടെസ്റ്റ്‌ പൊലീസ് നടത്തിയത്.

Similar Posts