
പിഞ്ഞാണെഴുത്തിന്റെ മഷിയെക്കുറിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റി ഗവേഷണം നടത്തുന്നു: ഹക്കീം അസ്ഹരി
|പിഞ്ഞാണമെഴുതി കലക്കി കുടിച്ചാൽ രോഗശമനവും സുഖപ്രസവവും ഉണ്ടാവുമെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
കോഴിക്കോട്: പിഞ്ഞാണെഴുത്തിന്റെ മഷിയെക്കുറിച്ച് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം നടക്കുന്നുണ്ടെന്ന് എ.പി അബ്ദുൽ ഹക്കീം അസ്ഹരി. പിഞ്ഞാണെഴുത്ത് കേരളത്തിന്റെ പാരമ്പര്യ കലയാണ്. പിഞ്ഞാണമെഴുതി കലക്കി കുടിച്ചാൽ രോഗശമനവും സുഖപ്രസവവും ഉണ്ടാവുമെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

കേരളത്തിന്റെ പൗരാണിക കലകളിൽപ്പെട്ട പിഞ്ഞാണെഴുത്ത് ഭക്ഷണം കഴിക്കുന്ന പാത്രം കഴുകിത്തുടച്ചുണക്കി വൃത്തിയാക്കി പ്രത്യേക തരം ഔഷധ മഷികളുപയോഗിച്ച് ഗുരുപരമ്പരകളിൽ നിന്ന് ലഭ്യമാകുന്ന പ്രത്യേക സമ്മതത്തോടെയുള്ള മുളക്കമ്പുകൊണ്ടുള്ള പേന ഉപയോഗിച്ച് എഴുതുന്ന വചനങ്ങൾ. അത് പ്രത്യേക വെള്ളത്തിൽ കലക്കി കുടിച്ചാൽ രോഗം മാറുന്നു, പ്രയാസങ്ങൾ അകലുന്നു, സുഖപ്രസവം നടക്കുന്നു പോലെയുള്ള കേരളത്തിന്റെ പൗരാണിക ഫോക്‌ലോറിൽപ്പെടുന്ന കലകളുണ്ട്.
ഇന്ന് യഥാർഥത്തിൽ അത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത്തരം കലകളെയെല്ലാം പുനരുജ്ജീവിപ്പിക്കുകയാണ്. അമേരിക്കക്കാരൻ ഇപ്പോൾ പഠിക്കുന്നത് ആ മഷിയുടെ കണ്ടന്റ് എന്താണ് എന്നാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിൽ ഇപ്പോൾ നടക്കുന്ന പഠനങ്ങളിലൊന്ന് കേരളത്തിലെ പിഞ്ഞാണഴുത്തിൽ ഉപയോഗിക്കുന്ന മഷി ഏതാണ് എന്നാണ്. നമ്മൾ ഇവിടെ അത് വേണോ വേണ്ടേ എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലോകം അതിനെക്കുറിച്ച് പഠിക്കുന്നതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.