
Photo | Special Arrangement
ഹാൽ സിനിമ വിവാദം: ഹൈക്കോടതി ഇന്ന് വീണ്ടും ഹരജി പരിഗണിക്കും
|സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്താണ് ഹരജി
കൊച്ചി: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ സിനിമയുടെ നിർമാതാവ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്ന കാര്യത്തിൽ ജസ്റ്റിസ് വി.ജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ഇന്ന് തീരുമാനമെടുത്തേക്കും.
സിനിമയുടെ ഉള്ളടക്കം, മത-സാമൂഹ്യ സ്പർദ്ധയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ കക്ഷിചേരാൻ ആർഎസ്എസ് നൽകിയ അപേക്ഷ ഇന്നലെ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. സിനിമയിലെ വിവിധ സംഭാഷണങ്ങളും രംഗങ്ങളും ഒഴിവാക്കി പുതിയ പകർപ്പ് നൽകണമെന്നായിരുന്നു സെൻസർ ബോർഡ് നിർദേശം.
എന്നാൽ സിനിമയുടെ ഉള്ളടക്കം ഒരുതരത്തിലും പ്രകോപനപരമല്ലെന്ന് നിർമാതാവും സംവിധായകനും കോടതിയിൽ നിലപാടെടുത്തിരുന്നു. ഇതനുസരിച്ച് സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച ജസ്റ്റിസ് വി.ജി അരുൺ സിനിമ കാണുകയും ചെയ്തിരുന്നു. നേരത്തെ കത്തോലിക്കാ കോൺഗ്രസും സിനിമയ്ക്ക് അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ട് കേസിൽ കക്ഷി ചേർന്നിരുന്നു.