< Back
Kerala
ലൈംഗികച്ചുവയോടെ സംസാരം, സ്ത്രീത്വത്തെ അപമാനിച്ചു പി.കെ നവാസിനെതിരെ ഹരിതാ ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍
Kerala

'ലൈംഗികച്ചുവയോടെ സംസാരം, സ്ത്രീത്വത്തെ അപമാനിച്ചു' പി.കെ നവാസിനെതിരെ ഹരിതാ ഭാരവാഹികള്‍ വനിതാ കമ്മീഷനില്‍

Web Desk
|
13 Aug 2021 10:10 AM IST

ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് പ്രസിഡന്‍റ് പി.കെ നവാസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് സംഘടനയുടെ വനിതാ വിഭാഗമായ 'ഹരിത' വനിതാ കമ്മീഷനില്‍. ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് പ്രസിഡന്‍റ് പി.കെ നവാസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികച്ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ചു മാനസികമായും സംഘടനാപരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ നേതാക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച പരാതി നേരത്തേ മുസ്‍ലിം ലീഗ് നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഹരിതയുടെ പരാതി നേതൃത്വം പരിഗണിച്ചിരുന്നില്ലെന്നും വനിതാ കമ്മീഷന് നല്‍‍‍കിയ പരാതിയില്‍ പറയുന്നു.

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. യോഗത്തിനിടെ എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത'യുടെ അഭിപ്രായം പങ്കുവെക്കാന്‍ ആവശ്യപ്പെടുന്ന സമയത്ത് സംസ്ഥാന പ്രസിഡന്‍റ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയായിരുന്നു. പി.കെ നവാസ് അശ്ലീലച്ചുവ കലര്‍ന്ന തരത്തില്‍ സംസാരിക്കുകയും പരിഹസിച്ച് ചിരിക്കുകയും ചെയ്തുവെന്ന് ഹരിതാ ഭാരവാഹികള്‍ വ്യക്തമാക്കി . എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുല്‍ വഹാബ് ഫോണ്‍ വിളിക്കുമ്പോഴും ഇത്തരത്തില്‍ അസഭ്യ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്നും പരാതിയില്‍ പറയുന്നു.


Similar Posts