
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മുൻനിർത്തി വിദ്വേഷ പ്രചാരണം; ഡിജിപിക്ക് പരാതി നൽകി ജമാഅത്തെ ഇസ്‌ലാമി
|ബിജെപി, സിപിഎം നേതാക്കൾക്കെതിരെയാണ് പരാതി
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ മുൻനിർത്തി സംഘടനക്കെതിരായ വിദ്വേഷ പ്രചാരണം ചൂണ്ടിക്കാണിച്ച് ബിജെപി, സിപിഎം നേതാക്കൾക്കെതിരെ ജമാഅത്തെ ഇസ്‌ലാമി ഡിജിപിക്ക് പരാതി നൽകി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ് രാധാകൃഷ്ണൻ, സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എസ് അരുൺ കുമാർ, സിപിഎം തിരുവമ്പാടി ഏരിയ കമ്മറ്റി അംഗം നാസർ കൊളായി എന്നിവർക്കെതിരെയാണ് പരാതി.
ഫേസ്ബുക്ക് പോസ്റ്റ്, ചാനൽ പരിപാടി, പൊതുയോഗം എന്നവിടങ്ങളിലായി നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഡിജിപിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി കെ. നജാത്തുള്ള പരാതി നൽകിയത്.
ജമാഅത്തെ ഇസ്‌ലാമിയെ പാകിസ്താൻ വാദികളായി ചിത്രീകരിച്ച് മുസ്‌ലിം ഭീതി പടർത്തുകയാണ്. സംഘടന പഹൽഗാം ഭീകരാക്രമണത്തെ പിന്തുണച്ചു എന്ന വ്യാജം പ്രചരിപ്പിച്ചു. ഇസ്‌ലാമോഫോബിയ പടർത്തി മത സ്പർദ്ധ സൃഷ്ടിക്കാനാണ് ബിജെപി, സിപിഎം ശ്രമമെന്നും പരാതിയിൽ പറയുന്നു.