
റിപ്പോർട്ടർ ടിവിയുടെ ലൈസൻസ് രേഖകൾ ഹാജരാക്കണം; കേന്ദ്രത്തിനോട് ഹൈക്കോടതി
|എം.വി നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ കമ്പനിക്കാണ് ലൈസന്‍സ് എന്നാണ് വാദം
കൊച്ചി: റിപ്പോർട്ടർ ടിവിയുടെ ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. കിറ്റെക്‌സ് എംഡി സാബു എം. ജേക്കബ് സമര്‍പ്പിച്ച റിട്ട് ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ബ്രോഡ്കാസ്റ്റ് ലൈസന്‍സില്ലാതെയാണ് ചാനൽ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. എം.വി നികേഷ് കുമാറും റാണി വര്‍ഗീസും ഡയറക്ടര്‍മാരായ ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ കമ്പനിക്കാണ് ലൈസന്‍സ് എന്നാണ് വാദം.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കെ.ജെ. ജോസ്, ഡയറക്ടര്‍ മെല്‍ബി ജോസ്, മാനേജിംഗ് എഡിറ്റര്‍ ആന്‍റോ അഗസ്റ്റിന്‍, ചെയര്‍മാന്‍ റോജി അഗസ്റ്റിന്‍, വൈസ് ചെയര്‍മാന്‍ ജോസുകുട്ടി അഗസ്റ്റിന്‍, ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍ പ്രൈവറ്റ് ലിമിറ്റഡിനും ഡയറക്ടര്‍മാരായ നികേഷ് കുമാര്‍, റാണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കൂടിയാണ് ഹരജി. രാജ്യത്തെ സാറ്റലൈറ്റ് ടെലിവിഷന്‍ ചാനലുകളുടെ അപ്‍ലിങ്കിങ് ഡൗണ്‍ലിങ്കിങ് ചട്ടങ്ങള്‍ ലംഘിച്ച് ചാനലിന്‍റെ ഉടമസ്ഥതയും പ്രവര്‍ത്തനവും അനധികൃതമായി നടത്തുന്നുവെന്നതാണ് ഹരജിയിലെ പ്രധാന ആരോപണം.
കേന്ദ്ര ആഭ്യന്തര മന്ത്രായലയത്തിന്‍റെ നടപടികളെ മറികടന്ന് ചാനലിന്‍റെയും ട്രേഡ് മാര്‍ക്കിന്‍റെയും നിയന്ത്രണം കരസ്ഥമാക്കാന്‍ അഗസ്റ്റ്യന്‍ സഹോദരന്മാര്‍ സ്വീകരിച്ച വളഞ്ഞ വഴിയാണ് കെ.ജെ ജോസിനെ മാനേജിങ് ഡയറക്ടറാക്കി രജിസ്റ്റര്‍ ചെയ്ത റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെന്നും ഈ നടപടികള്‍ 2022 ലെ ബ്രോഡ്കാസ്റ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
ചാനലിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലും സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലും റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഉടമസ്ഥരെന്ന് വ്യക്തമാക്കുന്നു. ആന്‍റോ അഗസ്റ്റിന്‍ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററും റോജി അഗസ്റ്റിന്‍ ചെയര്‍മാനും ജോസുകുട്ടി അഗസ്റ്റിന്‍ വൈസ് ചെയര്‍മാനുമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016 ലെ മാംഗോ ഫോണ്‍ സാമ്പത്തിക തട്ടിപ്പ് കേസിലും 2021 ലെ വയനാട് മുട്ടില്‍ മരം മുറി കേസിലും പ്രതികളാണിവരെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചു.