< Back
Kerala
HC Criticise police in Suraj Lama Death Case
Kerala

'കൃത്യമായി നടപടി എടുത്തില്ല'; സൂരജ് ലാമയുടെ മരണത്തിൽ പൊലീസിനെതിരെ ഹൈക്കോടതി

Web Desk
|
6 Feb 2026 3:47 PM IST

സൂരജ് ലാമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി നെടുമ്പാശ്ശേരി എസ്എച്ച്ഒ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

കൊച്ചി: കൊൽക്കത്ത സ്വദേശി സൂരജ് ലാമ (58) യുടെ മരണത്തിൽ പൊലീസിനും സിസ്റ്റത്തിനുമെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പൊലീസ് കൃത്യമായി നടപടി എടുത്തില്ലെന്ന് വിമർശിച്ച കോടതി, രാജ്യത്ത് ജീവിക്കണമെങ്കിൽ എന്തെങ്കിലും അധികാരം ആവശ്യമാണോയെന്നും ചോദിച്ചു. സൂരജ് ലാമയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി നെടുമ്പാശ്ശേരി എസ്എച്ച്ഒ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകിയിരുന്നു. മുമ്പും ഈ ഹരജി പരി​ഗണിച്ചപ്പോഴും ഹൈക്കോടതി പൊലീസിനെതിരെ വിമർശനമുന്നയിച്ചിരുന്നു.

നഗരത്തിൽ നിരീക്ഷണമില്ലാതെ ഒരു സ്ഥലം എങ്ങനെ ഉണ്ടാവുന്നുവെന്നും നാളെ ആരെങ്കിലും ഒരാളെ കൊന്ന് കൊണ്ടിട്ടാൽ എങ്ങനെ അറിയുമെന്നും കോടതി ചോദിച്ചിരുന്നു. പൊലീസിനും മെഡിക്കൽ കോളജിനും വലിയ വീഴ്ചയുണ്ടായി. പൊലീസിന്റെ മൂക്കിൻതുമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. ലാമയെ കാണാനില്ലെന്ന് മകൻ പരാതി കൊടുത്തിട്ടും പൊലീസിനും മെഡിക്കൽ കോളജിനും അനാസ്ഥയുണ്ടായെന്നും കോടതി വിമർശിച്ചിരുന്നു.

ഇന്ന് ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് ഹൈക്കോടതി വീണ്ടും രൂക്ഷവിമർശനം ഉന്നയിച്ചത്. വിസ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ട ലാമ ഒക്ടോബർ നാലിനാണ് കൊച്ചിയിലെത്തിയത്. നവംബർ 30നാണ് കൊച്ചി എച്ച്എംടിക്ക് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഹൈദരാബാദ് ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം സൂരജ് ലാമയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഓർമ നഷ്ടപ്പെട്ട അവസ്ഥയിലാണ് ലാമ കുവൈത്തിൽ നിന്ന്‌ കൊച്ചിയിലെത്തിയത്. കുവൈത്ത് മദ്യദുരന്തത്തിലാണ് സൂരജ് ലാമക്ക് ഓർമ നഷ്ടപ്പെട്ടത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സൂരജ് ലാമയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

എന്നാൽ ഒക്ടോബർ 10ന് ഇയാളെ കാണാതാവുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല. പൊലീസ് അന്വേഷണവും അവസാനിപ്പിച്ച നിലയിലായിരുന്നു. പിന്നീടാണ് സൂരജ് ലാമയുടെ മകൻ കേരളത്തിലെത്തുകയും ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിക്കുകയും ചെയ്തത്. തുടർന്നും ലാമയ്ക്ക് വേണ്ടി പരിശോധന നടന്നിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

Similar Posts