< Back
Kerala
ശിരോവസ്ത്ര വിലക്ക്; കുട്ടി പഠനം നിർത്തിപ്പോയാൽ സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടി വരും- മന്ത്രി  വി.ശിവൻകുട്ടി
Kerala

ശിരോവസ്ത്ര വിലക്ക്; കുട്ടി പഠനം നിർത്തിപ്പോയാൽ സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടി വരും- മന്ത്രി വി.ശിവൻകുട്ടി

Web Desk
|
17 Oct 2025 11:13 AM IST

'ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപിക കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസമാണ്'

കോഴിക്കോട്: ശിരോവസ്ത്ര വിവാദത്തിൽ ഇരായായ കുട്ടി പഠനം നിർത്തി പോയാൽ പള്ളുരുത്തി സെന്റ് റീത്താ സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 'ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കൊച്ചു മോളോട് അങ്ങനെ പെരുമാറാൻ പാടുണ്ടോ ? ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാട്' എന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപിക കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസമാണ്. യുനിഫോമിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയുടെ ആവശ്യമില്ല. സ്‌കൂളിന് മാന്യമായി പ്രശ്‌നം പരിഹരിക്കാൻ സാഹചര്യമുണ്ടായിരുന്നു. യുനിഫോമിന്റെ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നു എന്നും മന്ത്രി പറഞ്ഞു.

കുട്ടിക്ക് ഇതിന്റെ പേരിൽ മാനസിക സംഘർഷമുണ്ടായാൽ അതിന് ഉത്തരവാദി സ്‌കൂളാണ്. നമുക്ക് ഭരണഘടനയും വിദ്യാഭ്യാസ അവകാശ നിയമങ്ങളും ഉണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കൂ. സ്‌കൂൾ അധികൃതർ മിനിഞ്ഞാന്ന് വളരെ ധിക്കാരത്തോട് കൂടി ഞങ്ങൾ ഇതെല്ലാം ചെയ്യുമെന്ന് പറഞ്ഞു. പിടിഎ പ്രസിഡന്റ്, പ്രിൻസിപ്പാൾ, അവരുടെ വക്കീലെന്ന് പറഞ്ഞൊരാളുമാണ് ഇങ്ങനെ സംസാരിച്ചത്. ലിഗൽ അഡ് വൈസർക്കൊന്നും സ്‌കൂളിന്റെ കാര്യം പറയാൻ അവകാശമില്ല. ഏതെങ്കിലും ഒരു മാനേജ്‌മെന്റ് സ്വയമായിട്ട് വിദ്യാഭ്യാസ രംഗത്ത് അധികാരങ്ങൾ സ്വയം ഏറ്റെടുത്ത് ഭരണം നടത്താൻ നോക്കിയാൽ അത് നടക്കുന്ന കാര്യമല്ല. കേരളത്തിൽ അങ്ങനെയയൊരു കീഴ് വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts