കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനം; ഉറവിടം കിണര്‍ വെളളം
|പരിശോധനക്കെടുത്ത വിവിധയിടങ്ങളിലെ കിണര്‍ വെളളത്തില്‍ ഇ-കോളി ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തി
കൊച്ചി: എറണാകുളം കളമശ്ശേരിയിലെ മഞ്ഞപ്പിത്ത വ്യാപനത്തിന്‍റെ ഉറവിടം കിണര്‍ വെളളമാണെന്ന് കണ്ടെത്തല്‍. പരിശോധനക്കെടുത്ത വിവിധയിടങ്ങളിലെ കിണര്‍ വെളളത്തില്‍ ഇ-കോളി ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ ഗൃഹപ്രവേശനചടങ്ങില്‍ ഒത്തുകൂടിയ സ്ഥലത്ത് നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സംശയം. തുടര്‍നടപടികള്‍ ഊര്‍ജിതമാക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു.
കളമശ്ശേരിയിലെ 10,12,13 വാർഡുകളിലാണ് രോഗവ്യാപനം കൂടുതല്‍. പരിശോധനക്കെടുത്ത ചില കിണറുകളിലെ വെളളത്തില്‍ ഇ - കോളി ബാക്ടീരയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഗൃഹപ്രവേശന ചടങ്ങിനായി ഒത്തുകൂടിയ സ്ഥലത്തെ കിണര്‍ വെളളത്തിലും ഇ-കോളി സാന്നിധ്യം ഉണ്ട്. ഈ ചടങ്ങില്‍ പങ്കെടുത്ത ചിലര്‍ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായ സാഹചര്യത്തില്‍ ഇവിടെ നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്ന സംശയമാണുളളത്. ഇത് സ്ഥിരീകരിക്കാന്‍ ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.
നിലവില്‍ ചികിത്സയില്‍ കഴിയുന്ന എച്ച്എംടി കോളനി നിവാസിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പതിനെട്ടോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇക്കഴിഞ്ഞ നവംബർ മാസം മുതൽ പലയിടങ്ങളിലായി മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ഡിസംബർ ആദ്യ ആഴ്ച പിന്നിട്ടതോടെയാണ് രോഗവ്യാപനം ഉണ്ടായത്. 15 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും ഒരു മാസത്തിനിടെ 30ലധികം പേർക്ക് രോഗബാധ ഉണ്ടായെന്നുമാണ് ഔദ്യോഗിക കണക്ക്. എന്നാൽ കൃതമായ കണക്കുകൾ ആരോഗ്യവിഭാഗം അധികൃതർ പുറത്തുവിടാത്തതാണെന്ന ആരോപണമുണ്ട്.