< Back
Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതി;  അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി
Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന പരാതി; അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി

Web Desk
|
6 Nov 2025 3:51 PM IST

താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ എന്ന വേണുവിൻ്റെ ശബ്ദ സന്ദേശം മീഡിയവൺ പുറത്തുവിട്ടിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കൊല്ലം പന്മന സ്വദേശി വേണുവാണ് (48) ആശുപത്രിയിൽ വച്ച് മരിച്ചത്. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥ എന്ന വേണുവിന്റെ ശബ്ദ സന്ദേശം മീഡിയവണിന് ലഭിച്ചു.

'മെഡിക്കൽ കോളജിൽ അഴിമതിയാണ്.ഒരു മനുഷ്യൻ വന്ന് ചോദിച്ചാൽ ഒരക്ഷരം മറുപടി പറയില്ല. തിരിഞ്ഞുനോക്കാൻ പോലും തയ്യാറാകില്ല.കൈക്കൂലിയുടെ ബഹളമാണ്.എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി വന്നതാണ്.നോക്കാൻ വന്ന ഡോക്ടറോട് ചോദിച്ചപ്പോഴും അവർക്ക് അറിയില്ല.എക്കോ എടുക്കാൻ പോലും അഞ്ച് ദിവസം എടുത്തു. സാധാരണക്കാരുടെ ഏറ്റവും വലിയ ആശ്രയമാകേണ്ട ആശുപത്രിയിൽ നിരവധി പേരുടെ ശാപം കിട്ടേണ്ട ഭൂമിയായി മാറി.എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ ഇവിടുത്തെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്'. തിരുവന്തപുരം മെഡിക്കല്‍ കോളജിലെ അധികൃതരുടെ ഉദാസീനതയോ,അലംഭാവം കൊണ്ട് തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പുറം ലോകം അറിയണമെന്നും വേണുവിന്റെ ഓഡിയോ സന്ദേശത്തിൽ പറയുന്നു.

ഇടപ്പള്ളി കോട്ട സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു മരിച്ച വേണു. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്നാണ് ഗുരുതരാവസ്ഥയിലായിരുന്ന വേണുവിനെ തിരുവനന്തപുരത്തേക്ക് അയച്ചത്.ഒക്ടോബർ 31ന് എത്തിയ രോഗിക്ക് അഞ്ച് ദിവസം കിടന്നിട്ടും ആൻജിയോഗ്രാം ചെയ്തില്ലെന്ന് കുടുംബം കുടുംബം ആരോപിക്കുന്നു.ഡോക്ടർ കുറിച്ച മരുന്നുകൾ ആശുപത്രിയിൽ ഇല്ലെന്ന് നേഴ്സ് മറുപടി നൽകിയതായി വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞു.സംഭവത്തില്‍ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.

അതേസമയം,വേണുവിന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് രംഗത്തെത്തി.രോഗിക്ക്എല്ലാ ചികിത്സയും കൃത്യമായി നൽകി.ഇപ്പോൾ ഉന്നയിക്കപ്പെടുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഒന്നാം തീയതിയാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്.അന്നുമുതൽ കൃത്യമായ പരിശോധനയും ചികിത്സയും നൽകി.മൂന്നാം തീയതി കാർഡിയോളജി വിഭാഗം രോഗിയെ പരിശോധിച്ചു. ആവശ്യമായ ഇഞ്ചക്ഷൻ നൽകിയെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതര്‍ പറയുന്നു.ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ആൻജിയോഗ്രാം ചെയ്യാൻ കഴിയില്ലെന്നും ആശുപത്രിയിൽ വച്ച് രോഗിയുടെ കുടുംബം പരാതി ഉന്നയിച്ചിട്ടില്ലെന്നും അധികൃതർ പറയുന്നു.

Similar Posts