< Back
Kerala
ഷവർമ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരും; ഭക്ഷ്യവിഷബാധയിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
Kerala

'ഷവർമ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരും'; ഭക്ഷ്യവിഷബാധയിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

Web Desk
|
2 May 2022 5:09 PM IST

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലുള്ള കുട്ടികളുടെ നില ഗുരുതരമല്ലെന്നും അവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കാസര്‍കോട്: കാസർകോട്ടെ ഭക്ഷ്യവിഷബാധയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് ഷവർമ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി പറ‍‍ഞ്ഞു. കടകളില്‍ പലപ്പോഴും ഉപയോഗിക്കുന്നത് പാസ്ചറൈസ് ചെയ്യാത്ത മുട്ടയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലുള്ള കുട്ടികളുടെ നില ഗുരുതരമല്ലെന്നും അവരുടെ ചികിത്സ സൗജന്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, മലപ്പുറത്തും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. രണ്ട് ദിവസം മുന്‍പ്, ഇവിടെ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. മന്തിയിലെ ഇറച്ചിയിൽ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കരിവള്ളൂർ പെരളം സ്വദേശിനി 16 വയസ്സുകാരി ദേവനന്ദയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ ചെറുവത്തൂർ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾ ബാറിനെതിരെ ചന്തേര പൊലീസ് കേസെടുത്തിരുന്നു. മൂന്ന് പേര്‍ കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. ഈ കടയിലേക്ക് ഇറച്ചി നല്‍കിയിരുന്ന കോഴിക്കടയും അടപ്പിച്ചിരുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയ ചിക്കൻ സെന്ററാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചത്. ലെസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി. ചെറുവത്തൂരിലെ മുഴുവൻ ഷവർമ കടകളിലും കോഴിക്കടയിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു.

Similar Posts