< Back
Kerala

Kerala
ഇടുക്കിയിൽ പുഴയോരത്തെ ഏറുമാടത്തിൽ തനിച്ച് കഴിയുന്ന കുട്ടികളെ കണ്ടെത്തി ആരോഗ്യ പ്രവർത്തകർ
|14 March 2025 12:40 PM IST
ആദിവാസി മേഖലയിൽ നിന്നുള്ള മൂന്ന് കുട്ടികളെയാണ് കണ്ടെത്തിയത്
ഇടുക്കി: ഇടുക്കി അടിമാലിയിൽ ആദിവാസി മേഖലയിൽ നിന്നുള്ള മൂന്ന് കുട്ടികളെ പുഴയോരത്തെ ഏറുമാടത്തിൽ കഴിയുന്നതായി കണ്ടെത്തി. മാങ്കുളം ആനക്കുളത്തിന് സമീപം വല്യപാറക്കുട്ടിയിലാണ് സഹോദരങ്ങളായ കുട്ടികളെ ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയത്. പതിനൊന്ന് വയസുള്ള പെൺകുട്ടിയും ഏഴും അഞ്ചും വയസുള്ള രണ്ട് ആൺ കുട്ടികളുമാണ് ഏറുമാടത്തിൽ ഉണ്ടായിരുന്നത്.
പകൽ ജോലിക്ക് പോകുന്ന പിതാവ് മടങ്ങിയെത്തും വരെ ഇവർ തനിച്ചാണ്. വന്യമൃഗശല്യം രൂക്ഷമായ ഇടത്താണ് ഇവരുടെ താമസം. മാങ്കുളം പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പ്രിയാവതി എന്നിവരാണ് ജോലിക്കിടെ കുട്ടികളെ കണ്ടത്. കൃത്യമായ പരിപാലനമോ, ഭക്ഷണമോ, വിദ്യാഭ്യാസമോ കുട്ടികൾക്ക് ലഭിക്കുന്നില്ലെന്ന് കണ്ടതോടെ ചൈൽഡ് ലൈനെ വിവരമറിയിച്ചു. കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനാണ് ശ്രമം.