< Back
Kerala
Hearing begins in Kozhikode Waqf Tribunal in Munambam Land case
Kerala

വഖഫ് ഭൂമിയെന്ന് ബോർഡ‍്, അല്ലെന്ന് ആവർത്തിച്ച് ഫാറൂഖ് കോളജ്; മുനമ്പം കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി

Web Desk
|
8 April 2025 4:03 PM IST

ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു.

കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടങ്ങി. ആധാരത്തിൽ രണ്ട് തവണ 'വഖഫ്' എന്ന് പരാമർശിച്ചതും ദൈവനാമത്തിൽ ആത്മശാന്തിക്കായി സമർപ്പിക്കുന്നതായി പറഞ്ഞതും ഉന്നയിച്ച് ഭൂമി വഖഫ് തന്നെയെന്ന് ബോർഡ് വാദിച്ചു. എന്നാൽ ഇതിനെ എതിർത്ത ഫാറൂഖ് കോളജ്, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ആവർത്തിച്ചു.

ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാൽ ഭൂമിയെ വഖഫായി പരിഗണിക്കാനാവില്ലെന്ന് ഫാറൂഖ് കോളജിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. മുഹമ്മദ് സിദ്ദീഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിന് വേണ്ടി ഭൂമി വഖഫായി നൽകിയ ആധാരമാണ് ജസ്റ്റിസ് രാജൻ തട്ടിൽ പ്രധാനമായും പരിശോധിച്ചത്.

ഇതിൽ രണ്ട് തവണ, 'വഖഫായി നൽകുന്നു' എന്ന് പരാമർശിച്ചിട്ടുണ്ടെന്നും ആത്മശാന്തിക്കും ഇസ്‌ലാമിക ആദർശത്തിനും വേണ്ടി സമർപ്പിക്കുന്നു എന്നും പറഞ്ഞതിനാൽ തന്നെ ഇത് വഖഫായി പരിഗണിക്കണമെന്നുമാണ് വഖഫ് ബോർഡ് വാദിച്ചത്. വഖഫ് ഡീഡ് എന്നുതന്നെയാണ് ഇതിനെക്കുറിച്ച് എല്ലാ കോടതി രേഖകളിലും പറയുന്നതെന്നും ബോർഡ് പറഞ്ഞു.

എന്നാൽ ക്രയവിക്രയങ്ങൾക്ക് ഫറൂഖ് കോളജിന് അവകാശമുണ്ടെന്നും 'സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുകയും ഭൂമി ബാക്കിയുണ്ടാവുകയും ചെയ്താൽ അത് തന്റെ കുടുംബത്തിലേക്ക് തന്നെ തിരികെ വരും'- എന്ന നിബന്ധന കൂടി ഈ ഡീഡിൽ ഉള്ളതിനാൽ ഇതിനെ വഖഫായും സ്ഥിര സമർപ്പണമായും പരിഗണിക്കാനാവില്ലെന്നും ഫാറൂഖ് കോളജിന്റെ അഭിഭാഷകൻ പറഞ്ഞു.

മുനമ്പം നിവാസികൾക്കു വേണ്ടിയും അഭിഭാഷകൻ ഹാജരായിരുന്നു. ഫാറൂഖ് കോളജ് ഇസ്‌ലാമികസ്ഥാപനമോ ജീവകാരുണ്യ സ്ഥാപനമോ അല്ലെന്നും അതിനാൽ അവർക്കായി ഭൂമി നൽകിയതിനെ വഖഫായി പരിഗണിക്കാനാവില്ലെന്നും മുനമ്പം നിവാസികളുടെ അഭിഭാഷകൻ വാദിച്ചു. വാദം നാളെയും തുടരും. നാളെ പറവൂർ സബ് കോടതിയുടെ വിധിയും ഹൈക്കോടതി വിധികളും പരിശോധിക്കും. തുടർച്ചയായി വാദം കേട്ട് ഒരു വിധി പുറപ്പെടുവിക്കാനാണ് ജഡ്ജി തീരുമാനിച്ചിരിക്കുന്നത്.




Similar Posts