< Back
Kerala
വിതരണക്കാർ ശസ്ത്രക്രിയ ഉപകരണം നൽകുന്നത് നിർത്തി; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹൃദ്രോഗ ശസ്ത്രക്രിയകൾ മുടങ്ങി
Kerala

വിതരണക്കാർ ശസ്ത്രക്രിയ ഉപകരണം നൽകുന്നത് നിർത്തി; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഹൃദ്രോഗ ശസ്ത്രക്രിയകൾ മുടങ്ങി

Web Desk
|
25 May 2024 10:29 AM IST

ബീച്ചാശുപത്രിയിൽ നിന്ന് മൂന്ന് കോടി 21 ലക്ഷം രൂപയാണ് സ്റ്റന്റ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്.

കോഴിക്കോട്: ബീച്ച് ജനറൽ ആശുപത്രിയിൽ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ നിലച്ചു. കഴിഞ്ഞ ഒരുമാസമായി ശസ്ത്രക്രിയകൾ നടക്കുന്നില്ല. കോടികൾ കുടിശ്ശിക ആയതോടെ വിതരണക്കാർ സ്റ്റന്റ് ഉൾപ്പെടെയുള്ള ശസ്ത്രക്രിയ ഉപകരണങ്ങൾ നൽകുന്നത് നിർത്തിയതാണ് കാരണം. മീഡിയവൺ എക്സക്ലൂസീവ്.

കോഴിക്കോട് ബീച്ചാശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തിക്കുന്നുണ്ട് പക്ഷേ ചുരുക്കം ആൻജിയോഗ്രാമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. കഴിഞ്ഞ മാസമാണ് അവസാനമായി ആശുപത്രിയിലെ കാത്ത് ലാബിൽ ആൻജിയോ പ്ലാസ്റ്റി നടന്നത്. അതിന് ശേഷം ആൻജിയോപ്ലാസ്റ്റി, പേസ്മേക്കർ ഉൾപ്പെടെ ഹൃദ്രോഗത്തിന്റെ ഭാഗമായുള്ള യാതൊരു ശസ്ത്രക്രിയകളും നടത്തുന്നില്ല. ഒരു മാസത്തിൽ 40 മുതൽ 50 വരെ ആൻജിയോ പ്ലാസ്റ്റി ചെയ്തിരുന്നിടത്താണ് ഒന്ന് പോലും നടക്കാതിരിക്കുന്നത്. ബീച്ചാശുപത്രിയിൽ നിന്ന് മൂന്ന് കോടി 21 ലക്ഷം രൂപയാണ് സ്റ്റന്റ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്.

ഏപ്രിൽ ഒന്ന് മുതൽ വിതരണക്കാർ ആശുപത്രിയിലേക്ക് സ്റ്റന്റ് നൽകുന്നില്ല. നേരത്തെ ഉണ്ടായിരുന്ന സ്റ്റോക്കുപയോഗിച്ചാണ് കുറച്ച് ദിവസം ശസ്ത്രക്രിയകൾ നടത്തിയത്. ഹൃദ്രോഗവുമായെത്തുന്ന രോഗികളോട് എന്ന് വരണമെന്ന് പോലും പറയാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ല.

Similar Posts