< Back
Kerala
മസ്തിഷ്ക മരണം സംഭവിച്ച ബിൽജിതിന്റെ ഹൃദയം ഇനി കൊല്ലത്തെ 13കാരിയിൽ തുടിക്കും; ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി
Kerala

മസ്തിഷ്ക മരണം സംഭവിച്ച ബിൽജിതിന്റെ ഹൃദയം ഇനി കൊല്ലത്തെ 13കാരിയിൽ തുടിക്കും; ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി

Web Desk
|
13 Sept 2025 7:48 AM IST

ഹൃദയം സ്പന്ദിച്ച് തുടങ്ങിയെന്ന് ആശുപത്രി അധികൃതർ

കൊച്ചി: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുടിക്കും. രാത്രി ഒരു മണിയോടെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നും ബിൽജിത്തിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ എത്തിച്ചു.

കൊല്ലത്തു നിന്നും വന്ദേഭാരതിലാണ് 13കാരിയെ വൈകിട്ടോടെ എറണാകുളത്ത് എത്തിച്ചത്. നെടുമ്പാശേരി കരിയാട് ദേശീയപാതയിൽ സെപ്‌തംബർ രണ്ടിന്‌ രാത്രിയിൽ ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചാണ് അപകടം നടന്നത്. ഉടൻതന്നെ അങ്കമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് സമ്മതം നൽകി. മൂന്നുവർഷമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു കൊല്ലം സ്വദേശിയായ പതിമൂന്നുകാരി.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ കുട്ടിയുടെ കുടുംബത്തെ ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണ് ലിസി ആശുപത്രി അധികൃതർ വിളിക്കുന്നത്. വൈകിട്ട് 7 മണിക്ക് മുൻപ് എറണാകുളത്ത് എത്താനായിരുന്നു നിർദ്ദേശം. എയർ ലിഫ്റ്റ് ചെയ്യാൻ കാലതാമസം വരുമെന്നതിനാൽ വന്ദേഭാരതിലായിരുന്നു കുട്ടി എറണാകുളത്ത് എത്തിയത്.

കുട്ടിയുടെ പരിശോധനകൾ പൂർത്തിയാക്കി രാത്രി പതിനൊന്നരയോടെ ശസ്ത്രക്രിയയ്ക്ക് ലിസി ആശുപത്രി അധികൃതർ തയ്യാറായി. അതേസമയം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തി പരിശോധന നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ബിൽജിത്തിന്റെ ഹൃദയം കുട്ടിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് റോഡ് മാർഗ്ഗം അതിവേഗം ഹൃദയം ലിസി ഹോസ്പിറ്റലിൽ എത്തിച്ചു.

രാത്രി ഒരുമണിക്ക് ആരംഭിച്ച ശസ്ത്രക്രിയ നാല് മണിയോടെ അവസാനിച്ചു. ഹൃദയത്തിനു പുറമേ ബിൽജിത്തിന്റെ കരൾ, പാൻക്രിയാസ്, കണ്ണുകൾ, ചെറുകുടൽ എന്നിവയും ദാനം ചെയ്തിരുന്നു.


Similar Posts