പെരുമഴ തുടരുന്നു; വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം
|ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. കാസർകോട് മുതൽ മലപ്പുറം വരെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ടാണ്. ബാക്കി ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
എറണാകുളം സിയാൽ കൺവെൻഷൻ സെൻ്ററിൽ നാളെ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ വനിതകളുമായുള്ള മുഖാമുഖം പരിപാടി താൽക്കാലികമായി മാറ്റിവച്ചു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ശക്തമായ മഴയെ തുടർന്ന് അവരവരുടെ പ്രദേശങ്ങളിൽ കാലവർഷ കെടുതിയെ തുടർന്നുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ളത് കൊണ്ടാണ് മുഖാമുഖം പരിപാടി താൽക്കാലികമായി മാറ്റിവയ്ക്കുന്നത്.
എറണാകുളം മൂവാറ്റുപുഴ വടക്കേകടവിൽ ഒരാളെ ഒഴുക്കിൽ പെട്ട് കാണാതായി. ഇടുക്കി നേര്യമംഗലത്തും അടിമാലിയും മരംവീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം പനമ്പാലത്ത് വീടിന്‍റെ മതിൽ ഇടിഞ്ഞു വീണു. പ്ലാത്തോടത്തിൽ രവീന്ദ്രൻ്റെ വീടിന്‍റെ മതിലാണ് ഇടിഞ്ഞു വീണത്. വീടിനും കേടുപാട് പറ്റി.ഇന്നലെ രാത്രിയാണ് സംഭവം. കനത്ത മഴയിൽ ഇടുക്കി കുമളി ടൗണിൽ വെള്ളക്കെട്ട് ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഇടുക്കി ചെമ്മണ്ണാർ ഗ്യാപ് റോഡിൽ മരം വീണ് ഗതാഗത തടസമുണ്ടായി. മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
പാലക്കാട് ഒറ്റപ്പാലം മനിശ്ശേരിയിൽ മരം വീണ ഗതാഗതം തടസപ്പെട്ടു. വട്ടനാൽ - മനിശ്ശേരി റോഡിലാണ് 4 വൻമരങ്ങൾ കടപുഴകി വീണത്. ഒരു വൈദ്യുതി തൂണും തകർന്നുവീണു. മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എറണാകുളം കളമശ്ശേരിയിൽ കാർ നിയന്ത്രണം വിട്ട് മേൽപാലത്തിലിടിച്ചു. ഒരാൾക്ക് പരിക്കേറ്റു. കോട്ടയം സ്വദേശി ജയിംസിനാണ് പരിക്കേറ്റത്. റോഡിലെ വെള്ളക്കെട്ടാണ് അപകടകാരണം എന്ന് നാട്ടുകാർ പറഞ്ഞു.
വിലങ്ങാട് മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളിൽ നിന്നായി 58 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.വിലങ്ങാട് സെൻ്റ് ജോർജ്ജ് ഹൈസ്കൂളിൽ സജ്ജീകരിച്ച ദുരിതാശ്വസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചത്.കഴിഞ്ഞ ദിവസം മണ്ണിടിച്ചൽ ഉണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ മാറ്റി താമസിപ്പിച്ച പന്നിയേരി ഉന്നതിയിൽ നിന്ന് കൂടുതൽ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കും താമസം മാറി.മണ്ണിടിച്ചിൽ , ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശമാണ് പന്നിയേരി.